മുംബൈ: ലോണാവാലയിലെ വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. നാവികസേനാ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിൽ കുഷി ഡാമിന്റെ സമീപത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്.
അപകടത്തിൽപെട്ട എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ അഞ്ചായി. ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി(എട്ട്) മരിയ സയ്യദ്( ഒന്‍പത്) എന്നിവരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽപെട്ടത്. കുടുംബം മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴാണ് ദാരുണസംഭവം ഉണ്ടായത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിച്ചു. ഇതറിയാതെ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.