ബെര്‍ലിന്‍: സ്ലൊവാക്കിയക്കെതിരേ നടന്ന യൂറോ കപ്പ് പ്രീക്വാര്‍ട്ടറിലെ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ജ്യൂഡ് ബെല്ലിഹ്ഹാം. ഇഞ്ചുറി ടൈമിലെ റയല്‍ മാഡ്രിഡ് താരത്തിന്റെ ഗോളിലാണ് ഇംഗ്ലണ്ട് മല്‍സരത്തിലേക്ക് സമനിലയുമായി തിരിച്ചുവന്നത്. തുടര്‍ന്ന് ഹാരി കെയ്‌നിന്റെ ഗോളില്‍ മല്‍സരത്തില്‍ ജയിച്ചതും. എന്നാല്‍ ജ്യൂഡിന് ക്വാര്‍ട്ടര്‍ നഷ്ടമാവാനുള്ള സാധ്യത ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. മല്‍സരത്തിന്റെ 95ാം മിനിറ്റിലാണ് ജ്യൂഡ് ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്.
തുടര്‍ന്നാണ് താരം കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നത്. എന്നാല്‍ ഇതിനെതിരേ യുവേഫാ രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിനെതിരേ നടപടി ഉണ്ടാവും. യുവേഫായുടെ നിയമങ്ങള്‍ക്കെതിരായ നടപടിയാണ് ജ്യൂഡ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. താരത്തിനെതിരേ യുവേഫാ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി പ്രൊ ലീഗ് മല്‍സരത്തില്‍ റൊണാള്‍ഡോയും സമാന രീതിയില്‍ ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ടിരുന്നു. 2019ലും റൊണാള്‍ഡോ സമാനമായി വിലക്ക് നേരിട്ടിരുന്നു. ഹാട്രിക്ക് നേടിയ റൊണാള്‍ഡോ അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണിയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു.
ജ്യൂഡിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് യൂറോയ്ക്ക് മുമ്പ് നല്‍കുമോ എന്ന ഭീതിയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിന്റെ തുരുപ്പ് ചീട്ടായ ജ്യൂഡിന് ശിക്ഷ ലഭിക്കുന്ന പക്ഷം ഇംഗ്ലണ്ടിന് വന്‍ തിരിച്ചടിയാവും.