ജിദ്ദ: രണ്ടര പതിറ്റാണ്ടായി സാമൂഹ്യ സേവന കലാകായിക രംഗത്ത് സജീവമായ ജിദ്ദയിലെ തമിഴ്നാട് സ്വദേശികളുടെ കൂട്ടായ്മയായ ജെ.ടി.എസ്സ് (ജിദ്ദ തമിഴ് സംഘം) അംഗങ്ങളുടെ മക്കളിൽ 2024 ൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡു വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
സംഘത്തിൻ്റെ അംഗങ്ങളായവരുടെ മക്കളുടെ പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, ജിദ്ദ തമിഴ് സംഘം എല്ലാ വർഷവും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകിവരുന്നുണ്ട്.
ഈ വർഷത്തെ മികച്ച മാർക്കു നേടിയ വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം അവാർഡുകൾ ഏറ്റുവാങ്ങി. മൂർത്തി, രാമാനുജം, സെന്തിൽ രാജ, സീനി അലി, പ്രേം, അഹമ്മദ് ബാഷ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
സംഘം സീനിയർ നേതാവ് സിറാജ് മുഹിയിദ്ധീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജിദ്ദ തമിഴ് സംഘം രൂപീകരിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയ പരേതനായ അബ്ദുൾ മാലിക്കിൻ്റെ പങ്കിനെയും ദർശനത്തെയും സിറാജ് അനുസ്മരിച്ചു.
ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫറാ മസൂദ്, അൽവുറൂദ് സ്കൂൾ പ്രിൻസിപ്പൽ ഭുവനേശ്വരി സുബ്രഹ്മണ്യം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
തമിഴ് അധ്യാപികമാരായ ഭാനു, ആയിഷ എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു സംസാരിച്ചു. ഡോ. ജയശ്രി വിദ്യാർത്ഥികൾക്കുള്ള ഇൻസ്പിറേഷൻ സെഷൻ അവതരിപ്പിച്ചു.
ഇന്ത്യൻ വെൽഫെയർ ഫോറം നേതാവ് അബ്ദുൾ മജീദ്, ഹലീം, താഹ, ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് എന്നിവർ പങ്കെടുത്തു.
മുരളി കോർഡിനേറ്റ് ചെയ്ത ചടങ്ങിൽ ജയ്ശങ്കർ അവതരണം നിർവ്വഹിച്ചു. ഖാജാ മൊഹിദ്ദീൻ സ്വാഗതവും ശിവ നന്ദിയും രേഖപ്പെടുത്തി.