ജിദ്ദ – യെമന്റെ തലസ്ഥാന നഗരിയായ സന്‍ആയിലെ ആശുപത്രിയില്‍ അസഹ്യമായ വയറു വേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ഓപ്പറേഷനിലൂടെ പുറത്തെടുത്ത വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാരും നഴ്‌സുമാരും ഒന്നടങ്കം ഞെട്ടി. സി.ടി സ്‌കാനില്‍ രോഗിയുടെ വയറ്റില്‍ അസാധാരണ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രോഗിക്ക് അടിയന്തിരമായി ഓപ്പറേഷന്‍ നടത്തിയത്.
80 പേനകളും രണ്ടു വയേര്‍ഡ് ഇയര്‍ഫോണുകളുമാണ് രോഗിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. യെമന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രോഗിയുടെ വയറ്റില്‍ നിന്ന് ഇത്രയധികം വസ്തുക്കള്‍ പുറത്തെടുക്കുന്നത്. വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള ഈ വസ്തുക്കള്‍ വിഴുങ്ങാന്‍ രോഗിക്കുള്ള പ്രേരകമെന്താണ് എന്ന കാര്യത്തില്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആശ്ചര്യം കൂറി.