ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ അഭിമാന താരങ്ങളാണ് വിരാട് കോലിയും രോഹിത്ത് ശര്‍മ്മയും. ഫുട്‌ബോളില്‍ റെക്കോഡുകളുടെ തോഴന്‍ എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിസംബോധന ചെയ്യുന്ന പോലെയാണ് ക്രിക്കറ്റില്‍ വിരാട് കോലിയും. നേടാത്ത റെക്കോഡുകള്‍ ഇല്ല. ഒട്ടും പിന്നിലല്ല രോഹിത്ത് ശര്‍മ്മയെന്ന ക്യാപ്റ്റന്‍. ഏതൊരു താരത്തിന്റെയും കരിയറില്‍ ഉണ്ടാവുന്ന വീഴ്ചകളും ഇരുതാരങ്ങളും നേരിട്ടിരുന്നു. ഒടുക്കം അതിനേക്കാള്‍ ശക്തിയോടെ ഇരുവരും തിരിച്ചുവന്നു. നേടാവുന്നതെല്ലാം നേടി. ലോകകപ്പും സ്വന്തമാക്കി. ഇനി ആ താരങ്ങള്‍ ക്രിക്കറ്റിന്റെ സൗന്ദര്യമായ ട്വന്റി-20യില്‍ ഇല്ല. പുതുതലമുറകള്‍ക്കായി അവര്‍ വഴിമാറി. സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണമെന്ന വാക്ക് അനര്‍ത്ഥമാക്കും വിധം കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ രോഹിത്ത് വിടവാങ്ങി. ഒപ്പം രവീന്ദ്ര ജഡേജയും കളി മതിയാക്കി.
ലോകകപ്പില്‍ ഫോം കണ്ടെത്താത്തതിനെ തുടര്‍ന്ന് വിരാട് കോലി ഇത്തവണ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഒടുക്കം നിര്‍ണ്ണായക ഫൈനലില്‍ 59 പന്തില്‍ 76 റണ്‍സെടുത്ത് കരിയറിനോട് കോലി വിടപറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ഐ.സി.സി കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് രോഹിത്ത് ട്വന്റി-20യോട് വിടപറയുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ക്യാപ്റ്റന്‍ എന്ന പദവിയോടെയാണ് രോഹിത്ത് കുട്ടിക്രിക്കറ്റിനോട് യാത്ര പറഞ്ഞത്. 125 ട്വന്റി-20 മല്‍സരങ്ങളാണ് കോഹ് ലി ഇന്ത്യയ്ക്കായി കളിച്ചത്.
ട്വന്റിയിലെ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്‌കോറര്‍ കോഹ് ലിയാണ്. 4188 റണ്‍സാണ് താരം നേടിയത്. ഒന്നാം സ്ഥാനത്തുള്ളത് രോഹിത്ത് ശര്‍മ്മയാണ്. 2007ല്‍ ട്വന്റി-20 ലോകകപ്പ് നേടിയ ടീമില്‍ രോഹിത്തും അംഗമായിരുന്നു. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും രോഹിത്ത് നേടിയിരുന്നു. 2011ലാണ് വിരാട് കോലി ഏകദിന ലോകകപ്പ് നേടിയത്. ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിലും കോലി അംഗമായിരുന്നു. ടൂര്‍ണ്ണമെന്റിലുടെ നീളം കോലി മോശം ഫോമില്‍ തുടര്‍ന്നിട്ടും ക്യാപ്റ്റനും കോച്ചും കോലിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ആ വിശ്വസം കോലി എന്ന വെറ്ററന്‍ നിലനിര്‍ത്തുകയായിരുന്നു. വയസ്സന്‍ പടയെന്ന് വിമര്‍ശകര്‍ പറയുമ്പോഴും തങ്ങളുടെ പ്രകടനകള്‍ക്ക് ഒരു ചോര്‍ച്ചയും സംഭവിക്കാതെ അവര്‍ കാത്തുസൂക്ഷിച്ചു.
ഫ്‌ളോപ്പുകള്‍ സംഭവിക്കുമ്പോഴും ആ ദിനങ്ങള്‍ക്കായി അവര്‍ ക്ഷമിച്ചു. ഇരുവരും ആ ഏറ്റകുറച്ചിലകളോട് പൊരുതി. വീണ്ടും തിരിച്ചുവരവുകള്‍ അവിസ്മരണീയമാക്കി. ഒടുവില്‍ വിമര്‍ശകര്‍ക്ക് ഒരവസരം കൊടുക്കാതെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായിരുന്ന രോഹിത്തും വിരാടും ട്വന്റി-20യ്ക്ക് പരിസമാപ്തി കുറിച്ചു.