ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം നാലാം പാദാവസാനത്തെ അപേക്ഷിച്ച് 0.2 ശതമാനവും 2023 ആദ്യ പാദത്തെ അപേക്ഷിച്ച് 1.1 ശതമാനവും തോതില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.
സ്വദേശികളും വിദേശികളും അടക്കമുള്ള ആകെ ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമായി ഉയര്‍ന്നു. ആകെ ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് നാലാം പാദത്തെ അപേക്ഷിച്ച് 0.1 ശതമാനം തോതില്‍ ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ആകെ ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനം തോതില്‍ കുറഞ്ഞു.
ആദ്യ പാദത്തില്‍ സൗദിയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 5.6 ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നു മാസത്തിനിടെ 950 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ ഇത് 900 കോടി റിയാലായിരുന്നു.