ബെർലിൻ- യൂറോ കപ്പ് ഫുട്ബോളിൽ നിലവിലുള്ള ജേതാക്കളായ ഇറ്റലിയെ പുറത്താക്കി സ്വിറ്റ്സർലന്റ്. പ്രീ ക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇറ്റലി തോറ്റത്. രണ്ടാം തവണയാണ് സ്വിറ്റ്സർലന്റ് യൂറോയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. അടുത്ത റൗണ്ടിൽ ഇംഗ്ലണ്ടോ സ്ലൊവാകിയയോ ആയിരിക്കും സ്വിസിന്റെ എതിരാളികൾ.
37-ാം മിനിറ്റിൽ റെമോ ഫ്രൂലറെയാണ് സ്വിസിന് വേണ്ടി ആദ്യ ഗോൾ നേടിയത്. നാൽപത്തിയാറാം മിനിറ്റിൽ റൂബൻ വർഗാസ് സ്വിസിന്റെ രണ്ടാം ഗോൾ നേടി. “ഇത് ശരിക്കും വേദനിപ്പിക്കുന്നുവെന്ന് ഇറ്റലിയുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായ ജിയാൻലൂജി ഡോണാരുമ്മ പറഞ്ഞു. “ഞങ്ങൾക്ക് എല്ലാവരോടും ക്ഷമ ചോദിക്കാൻ മാത്രമേ കഴിയൂ, ഇന്ന് ഞങ്ങൾ നിരാശരായിരുന്നു, അവർ വിജയിക്കാൻ അർഹരായിരുന്നു. കളിയിലുടനീളം ഞങ്ങൾ പോരാടിയെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു. 33 പാസുകൾക്ക് ശേഷമാണ് ഇറ്റലിയുടെ വലയിൽ മുപ്പത്തിയേഴാമത്തെ മിനിറ്റിൽ സ്വിസ് പന്ത് എത്തിച്ചത്. മികച്ച ഗോൾ കീപ്പറായ ഡോണൊരുമയുടെ വെട്ടിച്ചായിരുന്നു സ്വിസ് ഗോൾ.