ബ്രിഡ്ജ്ടൗൺ- നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ സ്ഥലത്തുനിന്ന് കിരീടവുമായുള്ള ഗംഭീര തിരിച്ചുവരവ്. എന്തൊരു വിസ്മയ വിജയം. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ പന്ത്രണ്ടു റൺസ്. പന്തെറിയാൻ എത്തിയത് ഹാർദിക് പാണ്ഡേ. ക്രീസിൽ ഡേവിഡ് മില്ലർ. അതിർത്തി കടക്കുമെന്നുറപ്പായ പന്ത്. അതിർത്തിവരയിൽ സൂര്യകുമാർ യാദവ്. ആകാശത്തേക്കുയർന്ന് പന്ത് കൈകളിലാക്കി യാദവ്. കൈവിട്ടുപോകുമായിരുന്ന കിരീടത്തിന് മേൽ ഇന്ത്യൻ താരങ്ങളുടെ മണിമുത്തം. ഇന്ത്യക്ക് ഏഴു റൺസ് ജയം.
വിജയപ്രതീക്ഷകൾ മാറിമറിഞ്ഞ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ ഒടുവിൽ ഇന്ത്യ മുത്തമിട്ടു. നിർണ്ണായക നിമിഷങ്ങളിൽ രക്ഷകനായി അവതരിക്കുന്ന വിരാട് കോലി തന്നെയായിരുന്നു ഈ ടൂർണ്ണമെന്റിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്ത്. ഇന്ത്യ ഉയർത്തിയ പ്രതിരോധത്തെ നിലംപരിശാക്കി ആകാശത്തിലൂടെ ദക്ഷിണാഫ്രിക്ക നിരവധി തവണ പന്ത് അതിർത്തി കടത്തി. എന്നാൽ അവസാനം വരെ നീണ്ടുനിന്ന ആകാംക്ഷക്ക് ഒടുവിൽ ഇന്ത്യയുടെ കയ്യിൽ കിരീടം സുരക്ഷിതമായി. …റൺസിനാണ് ഇന്ത്യയുടെ വിജയം.
ഹെൻറിച് ക്ലാസൻ ഒരു ഭാഗത്ത് അടിയുറച്ച്നിന്ന് ഇന്ത്യയെ അടിച്ചുപറത്തുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ ഏറെക്കുറെ മാഞ്ഞു തുടങ്ങിയിരുന്നു. 33 പന്തിൽ 65 റൺസ് നേടിയ ഹെൻറിച്ച് ഇന്ത്യയെ അക്ഷരാർത്ഥത്തിൽ വരിഞ്ഞുമുറുക്കി. ഈ ഇന്നിംഗ്സിൽ അഞ്ചു സിക്സും രണ്ടു ഫോറുമായിരുന്നുവെന്ന് ഓർക്കുക. എന്തൊരു അടിയായിരുന്നു.
ക്വിന്റൺ ഡികോക്ക് 31 പന്തിൽ നേടിയ 39 റൺസും ഇന്ത്യയുടെ പരാജയത്തിന്റെ വേഗം കൂട്ടി. ട്രിസ്റ്റൻ സ്റ്റബ്സ് 21 പന്തിൽ 31 റൺസ് അടിച്ചുകൂട്ടി.
177 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. രണ്ടാമത്തെ ഓവറിൽ റീസ ഹെൻട്രിക്കിനെ പുറത്താക്കി ബുംറ ഇന്ത്യയെ ആഹ്ലാദത്തിലാറാടിച്ചു. അഞ്ചു പന്തിൽ നാലു റൺസെടുത്ത റീസയുടെ കുറ്റി ബുംറ തെറിപ്പിച്ചു. അടുത്ത ഓവറിൽ ആദം മക്രാമിനെ അർഷ് ദീപ് സിംഗിന്റെ പന്തിൽ റിഷഭ് പന്ത് പിടിച്ചു. ഒമ്പതാമത്തെ ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സിനെ പട്ടേൽ കുറ്റി വീഴ്ത്തി പുറത്താക്കി. എങ്കിലും വൻ അടിയുമായി ക്വിന്റോൺ ഡികോക്ക് ക്രീസിലുണ്ടായിരുന്നു. 31 പന്തിൽ 39 റൺസുമായി കളിയെ മുന്നോട്ടു നയിച്ച ഡികോക്കിനെ ഒടുവിൽ അർഷ്ദീപ് പുറത്താക്കി. കുൽദീപ് യാദവിനായിരുന്നു ക്യാച്ച്.
പതിനേഴാമത്തെ ഓവറിൽ ഹെൻറിച്ച് ക്ലാസൻ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷക്ക് വീണ്ടും ജീവൻ വെച്ചു. എന്നാൽ ക്രീസിൽ അപ്പോഴും ഡേവിഡ് മില്ലറുണ്ടായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി കോലി ആദ്യ ഓവറിൽ തന്നെ മൂന്നു ബൗണ്ടറികൾ പറത്തി. നിർണ്ണായകമായ നിമിഷങ്ങളിൽ ഇന്ത്യൻ നിരയുടെ നട്ടെല്ലും പ്രതീക്ഷയുമായി പട നയിക്കുന്ന മുൻ നായകൻ വിരാട് കോലി തന്നെയായിരുന്നു ഇന്ത്യൻ കിരീട യാത്രയിലെ പ്രതീക്ഷ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 176 റൺസിൽ 76 ഉം കോലിയുടെ ബാറ്റിൽനിന്നാണ് പിറന്നത്. 59 പന്തിൽ രണ്ടു സിക്സും ആറു ഫോറും കോലിയുടെ റൺവേട്ടക്ക് അകമ്പടി സേവിച്ചു. പത്തൊമ്പതാമത്തെ ഓവറിൽ ജാൻസണിന്റെ പന്തിൽ രബഡക്ക് പിടി നൽകി കോലി കൂടാരം കയറി. ഈ സമയത്ത് ഇന്ത്യയുടെ സ്കോർ 163 റൺസായിരുന്നു.
ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. രണ്ടാമത്തെ ഓവറിൽ നായകൻ രോഹിത് ശർമ പുറത്തായി. അഞ്ചു പന്തിൽ ഒമ്പത് റൺസെടുത്ത രോഹിത് ശർമ്മയെ മഹാരാജിന്റെ പന്തിൽ ക്ലാസൻ പിടിച്ചു പുറത്താക്കി. ഇതേ ഓവറിലെ അവസാന പന്തിൽ റിഷഭ് പന്തും പുറത്ത്. രണ്ടു പന്തിൽ റൺസൊന്നുമെടുക്കാതെയാണ് പന്തിന്റെ പുറത്താകൽ.
അഞ്ചാമത്തെ ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. റബഡയുടെ പന്തിൽ ക്ലാസെന് വിക്കറ്റ്. പിന്നീട് ക്രീസിൽ ഉറച്ചുനിന്ന അക്സർ പട്ടേലും കോലിയുമാണ് ഇന്ത്യൻ പ്രതീക്ഷകളെ മുന്നോട്ടു നയിച്ചത്. അക്സർ പട്ടേൽ 31 പന്തിൽ 47 റൺസ് നേടി.