അമ്മാന്‍ – ജോര്‍ദാനിയായ യുവഡോക്ടര്‍ മുഹമ്മദ് റസൂല്‍ അലി അല്‍ഗറായിബ കുത്തേറ്റ് മരിച്ചു. ജോര്‍ദാന്റെ തലസ്ഥാന നഗരിയായ അമ്മാനിലെ വീട്ടില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. പ്രദേശത്തെ വീടിനകത്ത് സംഘര്‍ഷം നടക്കുന്നതായി ശഫാ ബദ്‌റാന്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ടു സഹോദരന്മാര്‍ക്കും ഇവരുടെ ബന്ധുവിനുമിടയിലാണ് സംഘര്‍ഷമുണ്ടായത്.
ഇതിനിടെ പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ബന്ധു മരണപ്പെടുകയായിരുന്നെന്ന് അമ്മാന്‍ പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട സഹോദരന്മാരുടെ മാതൃസഹോദരീ പുത്രനാണ് കൊല്ലപ്പെട്ട ഡോക്ടര്‍. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതിനിടെ ഇളയ സഹോദരന്‍ ജ്യേഷ്ടനെയും മാതൃസഹോദരീ പുത്രനെയും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൊലപാതകം നടത്തിയ പ്രതി 18 വയസ് പൂര്‍ത്തിയാകാത്ത കൗമാരക്കാരനാണ്.
കഴിഞ്ഞ വര്‍ഷാദ്യമാണ് ഡോ. മുഹമ്മദ് റസൂല്‍ അല്‍ഗറായിബ ഉത്തര ജോര്‍ദാനിലെ അല്‍യര്‍മൂക് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിന്‍ ബിരുദം നേടിയത്. ഡോ. മുഹമ്മദ് റസൂല്‍ അല്‍ഗറായിബയുടെ വിയോഗത്തില്‍ അല്‍യര്‍മൂക് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജ് അനുശോചിച്ചു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.