കോപ്പാ അമേരിക്കയില്‍ ബ്രസീലിന് നാളെ(ശനി) നിലനില്‍പ്പിന്റെ പോരാട്ടമാണ്. എതിരാളികളാവട്ടെ പരാഗ്വെയും. ഗ്രൂപ്പ് ഡിയില്‍ കോസ്റ്ററിക്കയ്‌ക്കെതിരേ ആദ്യ മല്‍സരത്തില്‍ സമനില പിടിച്ചാണ് ബ്രസീലിന്റെ വരവ്. വന്‍ പ്രതീക്ഷയുമായി കോപ്പയിലെത്തിയ കാനറികള്‍ക്ക് കോസ്റ്ററിക്കയ്‌ക്കെതിരേയുള്ള സമനില വന്‍ ഷോക്കായിരുന്നു. എതിരാളികളായ പരാഗ്വെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. പരാഗ്വെയ്ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. പരാജയപ്പെട്ടാല്‍ പരാഗ്വെ പുറത്താവും. ബ്രസീലിനാവട്ടെ പരാജയപ്പെട്ടാല്‍ മറ്റ് മല്‍സരങ്ങളുടെ ഫലത്തിനെ ആശ്രയിച്ചാവും ക്വാര്‍ട്ടര്‍ പ്രവേശനം.
കോസ്റ്ററിക്ക കരുത്തരായ ബ്രസീല്‍ നിരയ്‌ക്കെതിരേ കടുത്ത പ്രതിരോധം സൃഷ്ടിച്ചിരുന്നു.ഇത് ഡൊറിവാല്‍ ജൂനിയറിന്റെ ടീമിന് തിരിച്ചടിയുമായി. ലോകോത്തര താരങ്ങളുള്ള ബ്രസീല്‍ നിരയില്‍ നിന്നുള്ള മോശം പ്രകടനം ആരാധകരെയും ധര്‍മ്മസങ്കടത്തിലാക്കിയിട്ടുണ്ട്. പരാഗ്വെയ്‌ക്കെതിരേയെങ്കില്‍ ടീം ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ്. രാവിലെ 6.30നാണ് (ഇന്ത്യൻ സമയം) മല്‍സരം. (സൗദി സമയം 4.00 മണി) നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീലുള്ളത്.
ഒന്നാം സ്ഥാനത്തുള്ള കൊളംബിയയാണ് ബ്രസീലിന്റെ മൂന്നാം മല്‍സരത്തിലെ എതിരാളികള്‍. കരുത്തരായ കൊളംബിയയോട് ഏറ്റുമുട്ടന്നതിന് മുമ്പ് പരാഗ്വെയോട് ഏത് വിധത്തിലും ജയം നേടുക എന്നതാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ഇരുവരും 83 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 51 തവണയും ജയം കാനറികള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ കോപ്പാ അമേരിക്കയിലെ ചരിത്രം വേറെയാണ്. കോപ്പയില്‍ അവസാനമായി ഇരുവരും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും പരാഗ്വെ തോല്‍വി അറിഞ്ഞിട്ടില്ല. സൂപ്പര്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റഫീനാ എന്നിവര്‍ക്ക് സ്‌കോര്‍ ചെയ്യാനാകാത്തതും ബ്രസീലിന് തിരിച്ചടിയാണ്. ഈ ദോഷം പരാഗ്വെയ്‌ക്കെതിരേ തീര്‍ക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.
ടീനേജ് താരം എന്‍ഡ്രിക്കയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറക്കണമെന്ന ആരാധകരുടെ ആവശ്യം കോച്ച് തള്ളുമോ എന്ന് കണ്ടറിയാം. കഴിഞ്ഞ 23 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് കാനറകള്‍ ഇത്ര മോശം ഫോമില്‍ സഞ്ചരിക്കുന്നത്. ടീമിന്റെ പേര് ദോഷം മാറ്റാനുള്ള കാനറിക്കൂട്ടത്തിന്റെ ഡൂ ഓര്‍ ഡൈ മല്‍സരമാണ് നാളെത്തേത്.
പരാഗ്വെ ആദ്യ മല്‍സരത്തില്‍ കൊളംബിയയോടാണ് പരാജയപ്പെട്ടത്. 2-1നായിരുന്നു തോല്‍വി. കോസ്റ്ററിക്ക സൃഷ്ടിച്ച പ്രതിരോധം പരാഗ്വെ സൃഷ്ടിച്ചാല്‍ ബ്രസീലിന് ഈ കോപ്പാ നന്നായി വിയര്‍ക്കേണ്ടി വരും.