മദീന – വികസന ജോലികള്‍ പൂര്‍ത്തിയായതോടെ മദീനയില്‍ പ്രവാചകന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ഗര്‍സ് കിണര്‍ ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള സന്ദര്‍ശകരെ സ്വീകരിക്കാന്‍ തുടങ്ങി. പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അടയാളങ്ങളും പുരാവസ്തു സ്മാരകങ്ങളും സന്ദര്‍ശിക്കാനും അടുത്തു കാണാനും ഹജ്, ഉംറ തീര്‍ഥാടകരും മദീന സന്ദര്‍ശകരും അതീവ താല്‍പര്യമാണ് കാണിക്കുന്നത്.
ഇത്തരത്തില്‍ പെട്ട ഏതാനും ചരിത്ര കേന്ദ്രങ്ങളും പുരാവസ്തു സ്മാരകങ്ങളും സംരക്ഷിക്കാന്‍ സമീപ കാലത്ത് അവിടങ്ങളില്‍ വികസന, മോടിപിടിപ്പിക്കല്‍ ജോലികള്‍ നടത്തിയിരുന്നു.
മസ്ജിദുന്നബവിക്ക് തെക്ക് 1,500 മീറ്റര്‍ ദൂരെ അല്‍അവാലി ഡിസ്ട്രിക്ടിലാണ് ഗര്‍സ് കിണറുള്ളത്. ഈ കിണറിലെ വെള്ളം പ്രവാചകന്‍ കുടിക്കുകയും അതിലെ വെള്ളമുപയോഗിച്ച് നമസ്‌കാരത്തിന് അംഗശുദ്ധി വരുത്തുകയും ചെയ്തതായി ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
താന്‍ മരണപ്പെടുമ്പോള്‍ തന്റെ മയ്യിത്ത് ഗര്‍സ് കിണറിലെ വെള്ളം ഉപയോഗിച്ച് കുളിപ്പിക്കണമെന്നും പ്രവാചകന്‍ ആവശ്യപ്പെട്ടിരുന്നു. ചരിത്രപരമായ ഘടങ്ങള്‍ നിലനിര്‍ത്തി വാസ്തുവിദ്യാ സ്വഭാവം സംരക്ഷിക്കാനും പുനരുദ്ധരിക്കാനും ലക്ഷ്യമിട്ട് മദീനയില്‍ പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഏതാനും മസ്ജിദുകളും ചരിത്ര, പുരാവസ്തു കേന്ദ്രങ്ങളും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഗര്‍സ് കിണറിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഗര്‍സ് കിണര്‍ സന്ദര്‍ശിക്കുന്നവര്‍ ഇതില്‍ നിന്നുള്ള വെള്ളം കുടിച്ച് ദാഹമകറ്റുന്നു. വികസന പദ്ധതിയിലൂടെ കിണറില്‍ നിന്നുള്ള വെള്ളം കുടിക്കാന്‍ പ്രത്യേകം സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ക്ക് തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ ഇവിടെ നിന്ന് ഫോട്ടോകളുമെടുക്കുന്നു.
ഉഹദ് യുദ്ധം നടന്ന പ്രദേശം, ഉഹദില്‍ പ്രവാചകന്‍ അമ്പെയ്ത്ത് വിദഗ്ധരെ നിയോഗിച്ച ജബലുറുമാത്ത്, ഖുബാ മസ്ജിദ്, ഖിബ്‌ലത്തൈന്‍ മസ്ജിദ്, ഖന്ദഖ് യുദ്ധം നടന്ന പ്രദേശത്തെ ഖന്ദഖ് മസ്ജിദ്, അല്‍ഗമാമ മസ്ജിദ്, അല്‍ഇജാബ മസ്ജിദ്, അല്‍സുഖ്‌യാ മസ്ജിദ്, അല്‍ഫതഹ് മസ്ജിദ് എന്നിവയും പ്രവാചകന്‍ കുളിക്കുകയോ അംഗശുദ്ധി വരുത്തുകയോ വെള്ളം കുടിക്കുകയോ ചെയ്ത ചരിത്രപരമായ കിണറുകളും അടക്കമുള്ള ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും മദീന സന്ദര്‍ശകര്‍ അതീവ താല്‍പര്യമാണ് കാണിക്കുന്നത്.