ന്യൂദൽഹി- എ.ഐ.എം.ഐ.എം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീൻ ഉവൈസിയുടെ വീടിന് നേരെ ആക്രമണം. ദൽഹിയിൽ വീടിന് നേരെയാണ് അക്രമികൾ മഷിയെറിഞ്ഞത്. എന്നെ നേരിടാൻ മഷിയെറുകയോ കല്ലെറിയുകയോ ചെയ്ത് ഭീരുക്കളായി ഓടിപ്പോകരുതെന്ന് ഉവൈസി പറഞ്ഞു.
ചില “അജ്ഞാതരായ അക്രമികൾ” ഇന്ന് എൻ്റെ വീട് കറുത്ത മഷി എറിഞ്ഞ് ആക്രമിച്ചുവെന്നെന്നും തന്റെ വീട് അക്രമണത്തിന് ഇരയാകുന്നത് എണ്ണിയാലൊടുങ്ങില്ലെന്നും ഉവൈസി പറഞ്ഞു. ദൽഹി പോലീസിന്റെ മൂക്കിന് താഴെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. പോലീസുകാർ നിസഹായത പ്രകടിപ്പിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നതെന്നും എം.പിമാർക്ക് സുരക്ഷ ഉറപ്പിക്കാനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
എന്റെ വീടിന് ലക്ഷ്യം വെക്കുന്നത് കൊണ്ട് തന്നെ ഭയപ്പെടുത്തില്ല. സവർക്കറിനെ പോലെയുള്ള ഭീരുത്വം അവസാനിപ്പിക്കണമെന്നും എന്നെ നേരിടാൻ മനുഷ്യരാകണമെന്നും ഉവൈസി പറഞ്ഞു. കുറച്ച് മഷി എറിയുകയോ കല്ലെറിയുകയോ ചെയ്ത ശേഷം ഓടിപ്പോകരുതെന്നും ഉവൈസി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം പാർലമെന്റിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് ഫലസ്തീൻ എന്ന മുദ്രാവാക്യം ഉവൈസി വിളിച്ചതിന് എതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.