കയ്റോ – പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ കടുത്ത ചൂടില്‍ പൊട്ടിത്തെറിച്ച് ഈജിപ്ഷ്യന്‍ യുവതിക്ക് പൊള്ളലേറ്റു. ദക്ഷിണ ഈജിപ്തിലെ ലക്‌സോര്‍ നഗരത്തില്‍ ഇന്ന് ഉച്ചക്കാണ് ഞെട്ടിക്കുന്ന സംഭവം. താപനില റെക്കോര്‍ഡ് നിലയില്‍ ഉയര്‍ന്നതാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചത്.
റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് യുവതിയുടെ പാന്റ് പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ലക്‌സോറില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ സ്ഥാപനം നടത്തുന്ന ഖാലിദ് അല്‍അതീഫി പറഞ്ഞു. അപ്രതീക്ഷിതമായി യുവതിക്ക് വലിയ തോതിലുള്ള ചൂട് അനുഭവപ്പെടുകയും പാന്റിന്റെ പോക്കറ്റില്‍ നിന്ന് പുക ഉയരുകയുമായിരുന്നു. ഉടന്‍ തന്നെ യുവതി ഫോണ്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുത്തു. നിമിഷങ്ങള്‍ക്കകം ഫോണ്‍ പൊട്ടിത്തെറിക്കുകയും ഫോണിലും വസ്ത്രത്തിലും തീ പിടിക്കുകയുമായിരുന്നു.
സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന ഏതാനും പേര്‍ ഓടിയെത്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ഫോണില്‍ വെള്ളമൊഴിക്കുകയും ചെയ്തു. പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുക്കുന്നതിനിടെ യുവതിയുടെ വലതു കൈയില്‍ പൊള്ളലേറ്റു. ലക്‌സോറില്‍ താപനില 50 ഡിഗ്രി വരെയായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് മെബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനും യുവതിക്ക് പരിക്കേല്‍ക്കാനും പ്രധാന കാരണം. യുവതിയുടെ മൊബൈല്‍ ഫോണ്‍ അടുത്തിടെ വാങ്ങിയതാണെന്നും ഇതില്‍ മുമ്പ് തകരാറുകളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്നും നേരത്തെ റിപ്പയര്‍ ജോലികള്‍ നടത്തിയിട്ടില്ലെന്നും ഖാലിദ് അല്‍അതീഫി പറഞ്ഞു.