ഹായില്‍ – ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ആഢംബര സൗകര്യങ്ങളോടെ ഹായില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ എക്‌സിക്യൂട്ടീവ് ലോഞ്ച് തുറന്നു. ഹായില്‍ ഗവര്‍ണര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് രാജകുമാരന്‍ പുതിയ ലോഞ്ച് ഉദ്ഘാടനം ചെയ്തു. ഹായിലിന്റെ തന്ത്രപരമായ സ്ഥാനം, പുരാവസ്തു, പൈതൃക മേഖലകളില്‍ പ്രവിശ്യയുടെ പ്രാധാന്യം, വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നുള്ള ആവശ്യം എന്നിവയാല്‍ ഹായില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രാജ്യത്തിന്റെ അതിഥികളെ സേവിക്കാനുള്ള പ്രധാന ഐക്കണും ഇന്റര്‍ഫേസും ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എയര്‍പോര്‍ട്ടില്‍ സേവനങ്ങള്‍ വികസിപ്പിക്കാനും എക്‌സിക്യൂട്ടീവ് ലോഞ്ച് മെച്ചപ്പെടുത്താനും നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്. വിമാനത്താവളത്തില്‍ വരാനിരിക്കുന്ന വികസന പദ്ധതികള്‍ ഉറ്റുനോക്കുകയാണെന്നും അബ്ദുല്‍ അസീസ് ബിന്‍ സഅദ് രാജകുമാരന്‍ പറഞ്ഞു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജും ഹായില്‍ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ആദില്‍ ആലുശൈഖും മുതിര്‍ന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
പുതിയ എക്‌സിക്യൂട്ടീവ് ലോഞ്ചിന് 981 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതായി അല്‍തന്‍ഫീദി കമ്പനി സി.ഇ.ഒ ജല്‍ബാന്‍ അല്‍ജല്‍ബാന്‍ പറഞ്ഞു. പ്രതിദിനം 450 ലേറെ യാത്രക്കാരെ സ്വീകരിക്കാന്‍ ലോഞ്ചിന് ശേഷിയുണ്ട്. വികസന പദ്ധതിയിലൂടെ ലോഞ്ചിന്റെ ശേഷി ഇരട്ടിയായി ഉയര്‍ന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വി.ഐ.പികള്‍ക്ക് മികച്ചതും വിശിഷ്ടവുമായ സേവനങ്ങള്‍ നല്‍കാനും അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ലോഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നതായും ജല്‍ബാന്‍ അല്‍ജല്‍ബാന്‍ പറഞ്ഞു. സൗദിയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചുമതല അല്‍തന്‍ഫീദി കമ്പനിക്കാണ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ 27 എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു.