കൊച്ചി- മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സമ്പൂർണ്ണ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയാണെന്ന് റിപ്പോർട്ടർ ചാനൽ മേധാവി എം.വി നികേഷ് കുമാർ. റിപ്പോർട്ടർ ടി.വിയുടെ എഡിറ്റോറിയൽ ചുമതലകൾ ഒഴിയുകകയാണെന്ന് നികേഷ് കുമാർ പറഞ്ഞു. സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും നികേഷ് പറഞ്ഞു.
രാഷ്ട്രീയത്തിൽ എന്തെങ്കിലും നേടാമെന്ന പ്രതീക്ഷയോടെയല്ല റിപ്പോർട്ടർ ടി.വി വിടുന്നതെന്നും നികേഷ് കുമാർ പറഞ്ഞു.
2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽനിന്ന് എം.വി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ കെ.എം. ഷാജിയോട് അദ്ദേഹം പരാജയപ്പെട്ടു. മുൻ മന്ത്രിയും സി.എം.പി നേതാവുമായ എം.വി രാഘവന്റെ മകനാണ് എം.വി നികേഷ് കുമാർ.
പുതിയൊരു കർമ്മരംഗം തേടിയാണ് താൻ പോകുന്നതെന്ന് നികേഷ് കുമാർ പറഞ്ഞു. ജനനം മുതൽ രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നും ജനങ്ങളുമായി കൂടുതൽ ഇടപഴകാനാണ് മാധ്യമ പ്രവർത്തനം തെരഞ്ഞെടുത്തതെന്നും നികേഷ് പറഞ്ഞു.
ഇരുപത്തിയെട്ട് വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ആക്ടിവിസ്റ്റ് ചാനൽ എന്ന നിലയിലാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിച്ചത്. പൊതുരംഗത്ത് സജീവമായി നിൽക്കുക എന്നതാണ് തന്റെ ആഗ്രഹം. ന്യൂസ് റൂമിന് പുറത്തേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് പുറത്തുപോകുന്നത്. വാർത്താ ചാനലിന്റെ ഭാരവാഹിത്വം ധാർമ്മികമായി പറ്റില്ല എന്നു പറഞ്ഞാണ് പുറത്തേക്കിറങ്ങുന്നതെന്നും നികേഷ് വ്യക്തമാക്കി.
എന്തെങ്കിലും ഉറപ്പു ലഭിക്കുന്ന പാർട്ടിയുമായി അല്ല താൻ കൈകോർത്തിരിക്കുന്നത്. നമ്മുടെ ജീവിതം മാറ്റിവെച്ച് സഹജീവികൾക്കൊപ്പമുണ്ടാകുക എന്നതാണ് ലക്ഷ്യം. അതേ രീതിയാണ് ഇനിയും തുടരുക. 22 കൊല്ലമായി ന്യൂസ് റൂമിനകത്താണ്. പുറത്തിറങ്ങാനാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങുന്നതെന്നും നികേഷ് കുമാർ പറഞ്ഞു.