മക്ക – ചില വിദേശ രാജ്യങ്ങളിലെ ടൂറിസം കമ്പനികള്‍ നിയമങ്ങള്‍ ലംഘിക്കാന്‍ തീര്‍ഥാടകരെ പ്രോത്സാഹിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ ശല്‍ഹോബ് പറഞ്ഞു. ഈ കമ്പനികള്‍ തീര്‍ഥാടകരെ വിസിറ്റ് വിസകളില്‍ സൗദിയിലേക്ക് കടത്തുകയായിരുന്നു. ഹജിനു രണ്ടു മാസം മുമ്പ് വിസിറ്റ് വിസകളില്‍ തീര്‍ഥാടകരെ മക്കയിലെത്തിച്ച ടൂറിസം കമ്പനികള്‍ ഹജ് വരെ മക്കയില്‍ തങ്ങി നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കാന്‍ അവരോട് ആവശ്യപ്പെട്ടു.
പുണ്യസ്ഥലങ്ങളുടെ പ്രവേശന കവാടങ്ങളും സോര്‍ട്ടിംഗ് പോയിന്റുകളും വഴി കടന്നുപോകാനുള്ള ഒരു കാര്‍ഡ് മാത്രമല്ല ഹജ് പെര്‍മിറ്റ്. ആവശ്യമായ പരിചരണങ്ങളും സേവനങ്ങളും ആവശ്യമായ സമയത്ത് നല്‍കലും, പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കുകയും, തങ്ങള്‍ക്ക് അനുവദിച്ച ലൊക്കേഷനുകള്‍ തിരിച്ചറിയുന്നതും സുഗമമാക്കുന്ന ഒരു പ്രധാന മാര്‍ഗവും ഉപകരണവുമാണ് പെര്‍മിറ്റ്.
ഹജ് പെര്‍മിറ്റില്ലാത്തത് പുണ്യസ്ഥലങ്ങളിലേക്കുള്ള നിയമ ലംഘകരുടെ യാത്ര ദുഷ്‌കരമാക്കുകയും അവര്‍ക്ക് സേവനങ്ങളും പരിചരണങ്ങളും നല്‍കുന്നതിന് പ്രതിബന്ധമാവുകയും ചെയ്തു. സൗദിയില്‍ വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ നടത്തിയവരെ അറസ്റ്റ് ചെയ്ത് ശിക്ഷാ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് നിരന്തരം അറിയിച്ചിരുന്നു. വിസിറ്റ് വിസയില്‍ തീര്‍ഥാടകരെ സൗദിയിലെത്തിച്ച് നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കാന്‍ പ്രോത്സാഹിപ്പിച്ച ടൂറിസം കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതായി ചില രാജ്യങ്ങള്‍ അറിയിച്ചതും ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ പാടെ ഇല്ലാതാക്കാന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചതും പ്രശംസനീയമാണ്.
ഇത്തവണത്തെ ഹജിന് ഭരണാധികാരികളുടെ നിര്‍ദേശാനുസരണവും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും വളരെ നേരത്തെ തന്നെ സുരക്ഷാ പദ്ധതികള്‍ തയാറാക്കി നടപ്പാക്കാന്‍ തുടങ്ങിയിരുന്നു. ഹജ് സുരക്ഷാ പദ്ധതികള്‍ വിജയകരമായിരുന്നു. ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും സുരക്ഷാ, സൈനിക ഏജന്‍സികളും ഹജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഒറ്റക്കെട്ടായി നടത്തിയ സംയോജിത ശ്രമങ്ങളുടെ തെളിവാണ് സുരക്ഷാ പദ്ധതികളുടെ വിജയം.
ഇത്തവണത്തെ ഹജിന് ആകെ 1,301 തീര്‍ഥാടകരാണ് മരണപ്പെട്ടത്. ഇക്കൂട്ടത്തില്‍ 1,079 പേര്‍ ഹജ് പെര്‍മിറ്റില്ലാത്തവരായിരുന്നു. പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു. നിയമ ലംഘകര്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തു. വിദേശങ്ങളില്‍ നിന്ന് വിസിറ്റ് വിസകളിലെത്തിയ നിരവധി പേര്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ഹജ് സീസണ്‍ എല്ലാ തലങ്ങളിലും സുരക്ഷിതമാക്കി മാറ്റുന്നതിന് സൗദി ഗവണ്‍മെന്റ് തുടക്കം മുതല്‍ വലിയ ശ്രമങ്ങളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി പെര്‍മിറ്റില്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ എത്തുന്നത് തടയാന്‍ പ്രത്യേക ശ്രദ്ധ നല്‍കി. കടുത്ത കാലാവസ്ഥയില്‍ നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കുന്നത് ആളുകളുടെ ജീവനും സുരക്ഷക്കും അപകടകരമായി മാറുമെന്ന കാര്യം കണക്കിലെടുത്തായിരുന്നു ഇത്. സുഖകരമായ യാത്രാ, താമസ സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ നിയമ ലംഘകരായ തീര്‍ഥാടകര്‍ക്ക് നേരിട്ടേക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്ന് പെര്‍മിറ്റില്ലാത്തവരെ ശക്തമായി വിലക്കുകയും മക്കയിലുണ്ടായിരുന്ന വിസിറ്റ് വിസക്കാരെ ഹജിനു മുമ്പായി പുറത്താക്കുകയും ചെയ്തത്.
ഹജ് പെര്‍മിറ്റില്ലാത്ത 1,079 തീര്‍ഥാടകര്‍ പുണ്യസ്ഥലങ്ങളില്‍ വെച്ച് മരണപ്പെട്ടത് നിയമ ലംഘകരെ തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച ശക്തമായ മുന്‍കരുതല്‍ നടപടികളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ഹജിനു മുമ്പായി വിസിറ്റ് വിസക്കാര്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നത് സുരക്ഷാ വകുപ്പുകള്‍ വിലക്കിയിരുന്നു. ഇതോടൊപ്പം മക്കയിലുള്ള വിസിറ്റ് വിസക്കാര്‍ ഹജിനു മുമ്പായി മക്കയില്‍ നിന്ന് പുറത്തുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തു. സ്വയം പുറത്തുപോകാത്തവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഹജിനു മുമ്പായി രണ്ടര ലക്ഷത്തിലേറെ വിസിറ്റ് വിസക്കാരെയാണ് സുരക്ഷാ വകുപ്പുകള്‍ മക്കയില്‍ നിന്ന് പുറത്താക്കിയത്. ദുല്‍ഖഅ്ദ 15 മുതല്‍ ദുല്‍ഹജ് 15 വരെ ഒരു മാസക്കാലമാണ് വിസിറ്റ് വിസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നതും മക്കയില്‍ തങ്ങുന്നതും ആഭ്യന്തര മന്ത്രാലയം വിലക്കിയത്. നിയമ ലംഘകരെ തടയാന്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ ഇത്തവണത്തെ ഹജിന് മരണ സംഖ്യ ഏറെ ഉയരുമായിരുന്നു.