കൊച്ചി: ഹജ്ജ് തീർത്ഥാടന മടക്കയാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി സിയാൽ.
തീർത്ഥാടനം കഴിഞ്ഞ് ജൂലായ് 10 മുതലാണ് ഹജ്ജ് മടക്കയാത്രാ വിമാന സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാർക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക കാനുകളിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
ജൂലായ് 10 മുതൽ 27 വരെ സൗദി എയർലൈൻസിന്റെ 16 വിമാനങ്ങളിലായാണ് ഹജ്ജ് തീർത്ഥാടന മടക്കയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യവിമാനം ജൂലായ് 10 ന് പുലർച്ചെ 2.15 ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.35 ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യ വിമാനത്തിൽ എത്തുക. ഇവരുടെ കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകൾക്കായി പ്രത്യേക കൗണ്ടറുകൾ സിയാൽ സജ്ജമാക്കിയിട്ടുണ്ട്. ബാഗ്ഗേജുകൾ എടുക്കാനും അതിവേഗം അറൈവൽ മേഖലയിലേയ്ക്ക് ഇവരെ കൊണ്ടുപോകാനും, ഒരോരുത്തർക്കും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം സംസം വെളളം ലഭ്യമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
4778 യാത്രക്കാരാണ് ഇത്തവണ സിയാലിൽ നിന്ന് ഹജ്ജ് തീർത്ഥാടനം നിർവഹിച്ചത. ഇത് റെക്കോഡാണ്. ഇവർക്കായി വിപുലമായ സൗകര്യങ്ങൾ സിയാൽ ഒരുക്കി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണവും വിശ്രമിക്കാനും പ്രാർത്ഥിക്കാനും സമ്മേളനം നടത്താനും സൗകര്യങ്ങളുള്ള ഹജ്ജ് ക്യാമ്പ് സിയാൽ അക്കാദമിയുടെ സമീപമാണ് പ്രവർത്തിക്കുന്നത്. 600 പേർക്ക് കിടക്കാനുള്ള സൗകര്യം, അലോപ്പതി, ആയൂർവേദ, ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം, ആംബുലൻസ് സർവീസ്, പോലീസ്, അഗ്നിരക്ഷ സേനാ യൂണിറ്റുകൾ എന്നിവ ക്യാമ്പിലും പ്രത്യേക ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾ എന്നിവയും സജ്ജമാക്കിയിരുന്നു.
തീർത്ഥാടനം കഴിഞ്ഞ് സിയാലിൽ എത്തുന്നവർക്ക് വിതരണം ചെയ്യാനുള്ള സംസം ജലം ടെർമിനൽ-3 അറൈവൽ ലോക് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ജൂലായ് 10 ന് ഹാജിമാർ എത്തുന്ന മുറയ്ക്ക് ഇവ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പ്രത്യേക കൗണ്ടറുകളിലൂടെ ലഭ്യമാക്കും.
ശബരിമല തീർത്ഥാടകർക്കായി ഇത്തവണ ആദ്യമായി കൊച്ചി വിമാനത്താവളത്തിൽ ഇടത്താവളമൊരുക്കിയിരുന്നു. ഫൂഡ് കൗണ്ടർ, പ്രീ-പെയ്ഡ് ടാക്‌സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം കൗണ്ടർ ഹെൽപ് ഡെസ്‌ക് എന്നിവയും ഇവിടെ ഒരുക്കിയിരുന്നു. വിവിധ തീർത്ഥാടന കാലങ്ങളിൽ വിമാനത്താവളത്തിൽ തിരക്ക് കൂടുന്നത് പ്രമാണിച്ച് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാനും മറ്റ് യാത്രക്കാരുടെ അസൗകര്യങ്ങൾ ഒഴിവാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രത്യേക സജ്ജീകരണങ്ങൾ സിയാൽ ഒരുക്കിയിട്ടുള്ളത്.