ലീപ്സിഗ്-(ജർമ്മനി)- കളി അവസാനിക്കാൻ ഏതാനും സെക്കന്റുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ആ സമയത്താണ് ബോക്സിന്റെ വലതുഭാഗത്തുനിന്ന് സക്കാഗ്നിയുടെ മഴവില്ലു കണക്കെയുള്ള ഗോൾ ക്രൊയേഷ്യയുടെ വലയിലേക്ക് വളഞ്ഞിറങ്ങിയത്. നാടകീയമായി ലഭിച്ച സമനിലയിൽ യൂറോ കപ്പിന്റെ. നോക്കൗട്ട് റൗണ്ടിലേക്ക് ഇറ്റലി പ്രവേശിച്ചു. ക്രൊയേഷ്യക്കെതിരെയാണ് ഇറ്റലി പരാജയത്തിൽനിന്ന് രക്ഷപ്പെട്ടത്.
രണ്ടാം പകുതിയിൽ ലൂക്കോ മോഡ്രിച്ചാണ് ഇറ്റലിയെ പിന്നിലാക്കി ക്രൊയേഷ്യയുടെ ഗോൾ നേടിയത്. അമ്പത്തി അഞ്ചാമത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി മോഡ്രിച്ച് പാഴാക്കിയിരുന്നു. ഡോണൊരുമയുടെ പോസ്റ്റിലേക്ക് പന്ത് എത്തിക്കാനുള്ള മോഡ്രിച്ചിന്റെ ശ്രമം പരാജയപ്പെട്ടു. എന്നാൽ അധികം വൈകാതെ മോഡ്രിച്ചിനെ കബളിപ്പിച്ച് മോഡ്രിച്ച് നേരത്തെയുള്ള തെറ്റിന് പ്രായശ്ചിത്തം ചെയ്തു.
സമനില നേടിയതോടെ നിലവിലുള്ള ചാംപ്യൻമാരായ ഇറ്റലി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ഇനി മറ്റു ടീമുകളുടെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ക്രൊയേഷ്യയുടെ ഭാവി.
യൂറോയുടെ ചരിത്രത്തിൽ ഏറ്റവും പ്രായമേറിയ ഗോളടിക്കാരനായി മോഡ്രിച്ച് മാറിയതാണ് ഇന്നത്തെ കളിയുടെ പ്രത്യേകതകളിലൊന്ന്.
2008ൽ ഓസ്ട്രിയൻ താരം ഐവിക വാസ്‌സ്റ്റിക് സ്ഥാപിച്ച റെക്കോർഡ് തകർത്താണ് മോഡ്രിച്ച് ഈ നേട്ടത്തിലെത്തിയത്. 38 വർഷവും 289 ദിവസവുമാണ് മോഡ്രിച്ചിന്റെ പ്രായം.
അൽബേനിയയെ തോൽപ്പിച്ച് സ്പെയിനും
അൽബേനിയയെ ഒരു ഗോളിന് തോല്പിച്ച് സ്പെയിനും യൂറോ കപ്പിന്റെ അവസാന പതിനാറിലെത്തി. ഫെറാൻ ടോറസാണ് സ്പെയിനിന് വിജയ ഗോൾ സമ്മാനിച്ചത്. മൂന്ന് തവണ ചാമ്പ്യൻമാർ യൂറോ 2024 -ന്റെ ഗ്രൂപ്പ് ഘട്ടം മികച്ച റെക്കോർഡോടെയാണ് പൂർത്തിയാക്കിയത്. ഗ്രൂപ്പ് ബിയിൽ സ്‌പെയിൻ നേരത്തെ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാൽ വിജയമല്ലാതെ അൽബേനിയക്ക് മുന്നിൽ മുന്നേറാൻ മറ്റു വഴികൾ ഒന്നുമില്ലായിരുന്നു. പരാജയത്തോടെ ഒരു പോയിന്റ് മാത്രമുള്ള അൽബേനിയ ടൂർണ്ണമെന്റിൽനിന്ന് പുറത്തായി.
അവസാന പതിനാറിലേക്ക് ഇതേവരെ യോഗ്യത നേടിയവർ.
ജർമ്മനി, സ്വിറ്റ്സർലന്റ്, സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട്, നെതർലാന്റ്, ഫ്രാൻസ്, പോർച്ചുഗൽ.
പുറത്തുപോയവർ.
സ്കോട്ട്ലാന്റ്, അൽബേനിയ, പോളണ്ട്.
ആറു ഗ്രൂപ്പുകളിലെയും (ഗ്രൂപ്പ് എ മുതൽ എഫ് വരെ) ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച മൂന്നാം സ്ഥാനക്കാരായ നാലു ടീമുകളുമാണ് അവസാന പതിനാറിൽ ഇടം നേടുക.