ജിദ്ദ: സൗദി പ്രവാസി വനിതകളുടെ തൊഴിൽ സാധ്യതകൾ മുൻനിർത്തി കേരള വിമൻ യുണൈറ്റഡ് ക്ലബ് വാട്സ്ആപ്പ് കൂട്ടായ്മ ജിദ്ദയിലും. സംഘടനയുടെ അധ്യക്ഷ മുനീറാ മുഹമ്മദലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം ജിദ്ദ അഞ്ചപ്പാർ റസ്റ്റോറന്റിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സലീനാ മുസാഫിർ നിർവഹിച്ചു.
സൗദി സ്കൂൾ അധ്യാപികമാരായ ഷബ്നാ മൻസൂർ, ഫർസാന ഹംസ തുടങ്ങിയവരും പരിപാടിയുടെ വിജയത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ചു. അമ്പതോളം സ്ത്രീകൾ പങ്കെടുത്ത പരിപാടി സ്ത്രീ തൊഴിൽ സാധ്യതകളെ കുറിച്ചുള്ള പുതിയ ദിശാബോധം സൃഷ്ടിച്ചുകൊണ്ടാണ് സമാപിച്ചത്.
സൗദിയിൽ തൊഴിൽ തേടുന്ന സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും അതോടൊപ്പം വീട്ടിലിരുന്നു എന്തെല്ലാം മാർഗ്ഗങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കാം എന്നതിനെക്കുറിച്ചുംമാർഗ നിർദ്ദേശങ്ങൾ നൽകി. പ്രവാസ ലോകത്ത് സുപരിചിതരായ അധ്യക്ഷയുടെയും ഉദ്ഘാടകയുടെയും ജീവിതാനുഭവങ്ങൾ യോഗത്തിൽ പങ്കെടുത്തവർക്ക് പ്രചോദനമേകി.
ലാഭേച്ഛ ഏതുമില്ലാതെ ഒരു പതിറ്റാണ്ടിലേറെയായി സൗദി പ്രവാസി വനിതകൾക്ക് തൊഴിൽ രംഗത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്ന പ്രവർത്തനങ്ങളിലും ഇവരിൽ അനുകൂല പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതിലും മുനീറാ മുഹമ്മദലി വഹിക്കുന്ന പങ്ക് വലുതാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപിക കൂടിയായ ഇവരുടെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച കേരള വിമൻ യുണൈറ്റഡ് ക്ലബ് (കെ. ഡബ്ലിയു. യു. സി )എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ പ്രവർത്തനവും വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമാണ്.
ക്ലബ്ബിന്റെ ഉദ്ഘാടനം ഡോക്ടർ ഉഷാ നാരായണൻ നിർവഹിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ സംഘടനാ ജനറൽ സെക്രട്ടറിയായി ശ്രീമതി സാന്ദ്ര എൻ. സത്യനെയും, ജനറൽ കോ ഓർഡിനേറ്ററായി ശ്രീമതി ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു.
വിവിധ ദൈനംദിന പരിപാടികളുടെ കോ ഓർഡിനേറ്റർമാരായി റസീന ഫാദിൽ, അസ്ബാന, ജിഷ ജമാൽ സനീഷ്, നബിത സി. വി എന്നിവരെ നിയോഗിച്ചു.
പ്രവാസി സ്ത്രീകളിൽ നൂതന സാങ്കേതിക വിദ്യാഭ്യാസം, ഇംഗ്ലീഷ് ഭാഷാ പ്രയോഗം, സംഭാഷണ ചാതുരി, വായന തുടങ്ങിയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും തങ്ങളുടെ വ്യത്യസ്ത സംരംഭങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിക്കുന്നതിനും ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ജൂലൈ മാസത്തിൽ കോഴിക്കോട്ട് നടത്താനിരിക്കുന്ന ‘ഗൾഫ് തൊഴിൽ സാധ്യതകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് +91 90611 05806 എന് നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.