ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും മികച്ച ബജറ്റ് വിമാന കമ്പനിയെന്ന സ്ഥാനം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയെന്ന സ്ഥാനം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സൗദി കമ്പനിയായ ഫ്‌ളൈ നാസ് നിലനിര്‍ത്തി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യോമഗതാഗത റേറ്റിംഗ് ഓര്‍ഗനൈസേഷന്‍ ആയ സ്‌കൈട്രാക്‌സ് ആണ് മേഖലയിലെ ഏറ്റവും മികച്ച ബജറ്റ് വിമാന കമ്പനിയായി ഏഴാം വര്‍ഷവും ഫ്‌ളൈ നാസിനെ തെരഞ്ഞെടുത്തത്. വിമാന കമ്പനികള്‍ക്കിടയില്‍ മികവിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോള മാനദണ്ഡമാണ് സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡ്. വ്യോമയാന വ്യവസായ മേഖലയിലെ ഓസ്‌കാര്‍ അവാര്‍ഡ് ആയാണ് ഇത് കണക്കാക്കപ്പെടുന്നത്.
ലണ്ടനില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ വെച്ച് ഫ്‌ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന അവാര്‍ഡ് സ്വീകരിച്ചു. യാത്രക്കാരുടെ വിശ്വാസവും ജീവനക്കാരുടെ അര്‍പ്പണബോധവും രാജ്യത്തെ വിമാന കമ്പനികള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു. സ്‌കൈട്രാക്‌സ് നടത്തുന്ന സമഗ്ര സര്‍വേകളിലൂടെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരുടെ സംതൃപ്തി അളക്കുന്ന വോട്ടിംഗിലൂടെയാണ് ഓരോ വര്‍ഷവും സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ജേതാക്കളെ നിര്‍ണയിക്കുന്നത്.