മലപ്പുറം- കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റുപറയാൻ കഴിയില്ലെന്ന് സുന്നി യുവജന സംഘം നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് പരാമർശം. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണനയുണ്ടായാൽ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ കേരളത്തിലുള്ളവർ നികുതി കൊടുക്കുന്നത് പോലെയാണ് മലബാറിലുള്ളവരും നികുതി കൊടുക്കുന്നത്. അവഗണനയുണ്ടാകുമ്പോൾ പലതരത്തിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
അവഗണന തുടരുമ്പോഴാണ് വിഭജന വാദങ്ങളിലേക്ക് ചിലർ ഇറങ്ങുന്നത്. മലബാർ സംസ്ഥാനം വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത്. വിഭവങ്ങൾ വീതം വെക്കുന്നതിൽ സർക്കാർ നീതി കാണിക്കുന്നില്ല. മോഡി കേരളത്തോട് ചെയ്യുന്നതാണ് കേരള സർക്കാർ മലബാറിനോട് ചെയ്യുന്നത്. പ്ലസ് വൺ വിഷയത്തിൽ വിജയം കണ്ടേ പിൻമാറൂവെന്നും അദ്ദേഹം പറഞ്ഞു.