ഐ എ എസ് വിദ്യാർത്ഥി ചമഞ്ഞും തട്ടിപ്പ് നടത്തി
കാസർകോട് : യുവാക്കളെ അടക്കം നിരവധി പേരെ യുവതി ഹണിട്രാപ്പിൽ കുടുക്കിയതായി പരാതി. ഐ എസ് ആർ ഒ യിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞാണ് ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരൻ യുവാക്കളെ വലയിലാക്കിയത്. ചില പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതരും യുവതിയുടെ വലയിൽ കുടുങ്ങിയതായി സൂചനയുണ്ട്. മാനഹാനി ഭയന്ന് ആരും പരാതി നൽകിയില്ല. എന്നാൽ പൊയിനാച്ചി സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവി പി. ബിജോയിയുടെ നിർദേശപ്രകാരം ആണ് ശ്രുതി ചന്ദ്രശേഖരനെതിരെ മേല്പറമ്പ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ഉന്നതർക്ക് ബന്ധമുള്ളതിനാൽ കേസ് എടുക്കാൻ വൈകിയിരുന്നു. 2023 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പൊയിനാച്ചിയിലെ അഖിലേഷ്, ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും വാങ്ങി തിരിച്ചു നൽകിയില്ലെന്നാണ് പരാതിപ്പെട്ടത്.
പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐ.എസ്. ആർ.ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐ.എ.എസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവർക്കും വിവാഹ വാഗ്ദാനം നൽകി.
കാസർകോട് , കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പലരും വിവരം മറച്ചു വച്ചു.
പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വർണ്ണമാലയും യുവതി തട്ടിയെടുത്തതായി അറിയുന്നു. ജയിലിലായ യുവാവിൽ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് യുവതിക്കെതിരെ മേൽപ്പറമ്പ് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
യുവതി ഒളിവിൽ
തട്ടിപ്പ് കേസിൽ മേൽപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ശ്രുതി ചന്ദ്രശേഖരൻ ഒളിവിൽ പോയി. വിവരങ്ങൾ പുറത്തു വരുമെന്ന പേടിയിൽ ഉന്നതർ ഒളിപ്പിച്ചതാണെന്നും സംശയിക്കുന്നു. അതിനിടെ പൊയിനാച്ചിയിലെ യുവാവിനെതിരെ വാർത്ത സമ്മേളനം നടത്താൻ ഈ മാസം 20 ന് യുവതി കാസർകോട് പ്രസ് ക്ലബിൽ ബുക്ക് ചെയ്തിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.