ജിദ്ദ – സ്വകാര്യ മേഖലാ ജീവനക്കാരുടെ ഓവര്‍ടൈം ഡ്യൂട്ടി വര്‍ഷത്തില്‍ 720 മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തൊഴിലാളിയുടെ സമ്മതത്തോടെ ഓവര്‍ടൈം ഡ്യൂട്ടി ഇതിലധികമായി വര്‍ധിപ്പിക്കാവുന്നതാണ്. ഓവര്‍ടൈം ഡ്യൂട്ടിക്ക് തൊഴിലുടമ അധിക വേതനം നല്‍കിയിരിക്കണം.
അധികമായി ചെയ്യുന്ന ഓരോ മണിക്കൂര്‍ ജോലിക്കും ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് നല്‍കേണ്ടത്. പ്രതിവാര അടിസ്ഥാനത്തില്‍ തൊഴില്‍ സമയം കണക്കാക്കുന്ന സ്ഥാപനങ്ങളില്‍ പ്രതിവാര തൊഴില്‍ സമയത്തില്‍ കൂടുതല്‍ നിര്‍വഹിക്കുന്ന ജോലി ഓവര്‍ടൈം ഡ്യൂട്ടിയായി കണക്കാക്കും.
അവധി ദിവസങ്ങളിലും പെരുന്നാള്‍ ദിവസങ്ങളിലും നിര്‍വഹിക്കുന്ന ജോലി ഓവര്‍ടൈം ഡ്യൂട്ടിയായാണ് കണക്കാക്കുകയെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.