ലണ്ടൻ- അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ രണ്ട് പ്രധാന ടെർമിനലുകളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. 1, 2 ടെർമിനലുകൾ വഴി യാത്ര ചെയ്യുന്ന യാത്രക്കാരോട് വിമാനം മുടങ്ങുന്നത് സംബന്ധിച്ച് അധികൃതർ രാവിലെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ആ ടെർമിനലുകളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും “ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ” റദ്ദാക്കിയതായി എയർപോർട്ട് വക്താവ് പറഞ്ഞു.
ലണ്ടന് പുറത്തുള്ള യു.കെയിലെ ഏറ്റവും വലിയ വിമാനത്താവളമായ മാഞ്ചസ്റ്ററിൽനിന്ന് 100-ലധികം വിമാനങ്ങൾ പുറപ്പെടേണ്ടിയിരുന്നു. ഇവിടേക്കുള്ള നിരവധി വിമാനങ്ങളും വഴിതിരിച്ചുവിട്ടു. യാത്രക്കാരുടെ നീണ്ട വരി വിമാനതാവളത്തിന് മുന്നിൽ രൂപപ്പെട്ടിരുന്നു. ടെർമിനലിന് പുറത്ത് നിലത്തും ലഗേജിന് മുകളിലുമായി ആളുകൾ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു.
ടെർമിനൽ 3 വഴിയുള്ള യാത്രക്കാർ സാധാരണ പോലെ വിമാനത്താവളത്തിലേക്ക് വരണം, എന്നാൽ “പ്രധാന സംവിധാനങ്ങൾ” തടസ്സപ്പെട്ടതിനെത്തുടർന്ന് യാത്രയ്ക്ക് കാലതാമസം നേരിടേണ്ടിവരുമെന്ന് എയർപോർട്ട് വക്താവ് പറഞ്ഞു. സ്ഥലപരിമിതി കാരണം ഇറങ്ങേണ്ട നിരവധി വിമാനങ്ങളും വഴിതിരിച്ചുവിട്ടു. യാത്രക്കാരോട് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ വിമാനത്താവളത്തിലെ അധികൃതർ അഭ്യർത്ഥിച്ചു
പ്രാഥമിക വൈദ്യുതി സംവിധാനം തകരാറിലായപ്പോൾ വിമാനത്താവളത്തിൻ്റെ ബാക്ക്-അപ്പ് പവർ പ്രവർത്തനം തുടങ്ങിയെങ്കിലും അപ്പോഴേക്കും പ്രധാന വൈദ്യുതി വിതരണ സംവിധാനം ഒന്നിലധികം തവണ മുടങ്ങിയത് സ്ഥിതി വീണ്ടും സങ്കീർണ്ണമാക്കി. ബാഗേജ് പ്രോസസ്സിംഗിലെ പ്രശ്‌നങ്ങളും രൂക്ഷമായി. യാത്രക്കാർക്ക് ഹാന്റ് ബാഗേജ് മാത്രമേ ഉപയോഗിക്കാനാകൂ എന്ന സ്ഥിതിയുണ്ടായി. തകരാറുമൂലം വിമാനങ്ങളിൽ ബാഗുകൾ കയറ്റാൻ കഴിഞ്ഞില്ലെന്ന് ജെറ്റ്2 പ്രസ്താവനയിൽ പറഞ്ഞു.
യുകെയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളത്തിൽ വേനൽ അവധിക്കാലത്തിൻ്റെ തുടക്കത്തിലാണ് ഈ തടസ്സം, പവർ കട്ട് അക്ഷരാർത്ഥത്തിൽ എല്ലാം തകിടം മറിച്ചുവെന്ന് എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.