ന്യൂയോർക്ക്- ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമി പ്രവേശനം ഉറപ്പാക്കി. അമ്പത് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 196 റൺസ് പിന്തുടർന്നെത്തിയ ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമാണ് നേടിയത്. അഞ്ചുവിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
27 പന്തിൽ ഹാഫ് സെഞ്ചുറി നേടി പുറത്താകാതെ നിന്ന് ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് കരുത്തുപകർന്നത്. ഋഷഭ് പന്ത് 24 പന്തിൽ 36 ഉം വിരാട് കോലി 28 പന്തിൽ 37 ഉം ശിവൻ ദുബെ 24 പന്തിൽ 34 ഉം റൺസ് നേടി. രോഹിത് ശർമ്മ 11 പന്തിൽ നേടിയത് 23 റൺസായിരുന്നു. സൂര്യകുമാർ യാദവ് രണ്ടു പന്തിൽ ആറു റൺസ് നേടി പുറത്തായി.
മറുപടി ബാറ്റിംഗിനെത്തിയ ബംഗ്ലാ നിരയിൽ നായകൻ നജ്മുൽ ഹുസൈൻ ശാന്തോ 32 പന്തിൽ 40 റൺസ് നേടി. തന്‍സീദ് ഹസൻ 29 (31 പന്തിൽ), റിഷാദ് ഹുസൈൻ 24 (പത്ത് പന്തിൽ) റൺസും നേടി. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും അർഷ്ദീപ് സിംഗ്, ബുംറ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി. ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.