ബെര്‍ലിന്‍: യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ബെര്‍ണാഡോ സില്‍വ(21), അക്കായദിന്‍(28-സെല്‍ഫ് ഗോള്‍), ബ്രൂണോ ഫെര്‍ണാണ്ടസ് (55) എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.
ജര്‍മ്മനി, സ്‌പെയിന്‍ എന്നിവര്‍ക്ക് പിറകെയാണ് പോര്‍ച്ചുഗലിന്റെ ആധികാരിക പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മല്‍സരത്തിന്റെ എല്ലാ നിലയിലും സമഗ്ര ആധിപത്യം പുലര്‍ത്തിയാണ് പറങ്കികള്‍ ജയം വരിച്ചത്. തുര്‍ക്കി ഒരു തരത്തിലും പോര്‍ച്ചുഗലിന് ഭീഷണിയായില്ല. പോര്‍ച്ചുഗല്‍ ടീമിലെ എല്ലാ താരങ്ങളും ഏറ്റവും മികച്ച പ്രകടനമായാണ് കളം നിറഞ്ഞ് കളിച്ചത്. തുടക്കത്തിലെ കളി കൈയില്‍ നിന്ന് പോയ തുര്‍ക്കിയാവട്ടെ കൗണ്ടര്‍ അറ്റാക്കുകളും ടാക്ക്‌ളിങ്ങുകളുമായി നിരവധി ഫൗളുകളും സൃഷ്ടിച്ചു.
മികച്ച കളിയുമായി പറങ്കിപ്പട കളം നിറയുന്ന കാഴ്ചയായിരുന്നു. പറങ്കിപടയിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മെച്ചമായ പ്രകടനമാണ് തുര്‍ക്കിക്കെതിരേ പുറത്തെടുത്തത്. തുര്‍ക്കിയാവട്ടെ കഴിഞ്ഞ മല്‍സരത്തിലെ പോരാട്ടവീര്യം നഷ്ടമായ നിലയിലായിരുന്നു. തുടക്കത്തിലെ ഒന്ന് രണ്ട് ശ്രമങ്ങള്‍ ഒഴിച്ചാല്‍ തുര്‍ക്കി ചിത്രത്തിലേ ഇല്ലായിരുന്നു. പോര്‍ച്ചുഗല്‍ ആവട്ടെ അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. പകുതി സമയത്തിലെ അവസാന നിമിഷങ്ങളിലാണ് തുർക്കി വീണ്ടും ഉണർന്നത്.
ബെര്‍ണാഡോ സില്‍വയുടെ ഗോള്‍ 21ാം മിനിറ്റിലാണ് പിറന്നത്. ന്യൂനോ മെന്‍ഡിസ് ഇടത് വശത്ത് കൂടി റൊണാള്‍ഡോയ്ക്ക് പാസ് നല്‍കി. എന്നാല്‍ തുര്‍ക്കി താരം കൊക്കു കട്ട് ബാക്ക് പാസ് നല്‍കിയത് ചെന്നെത്തിയത് ബെര്‍ണാഡോ സില്‍വയുടെ കാലിലേക്ക്.അനായാസം സില്‍വ പന്ത് വലയിലെത്തിച്ചു.
29ാം മിനിറ്റിലാണ് തുര്‍ക്കിയുടെ ഓണ്‍ ഗോള്‍ വരുന്നത്. പോര്‍ച്ചുഗലിന്റെ കാന്‍സലോയില്‍ നിന്നും പന്ത് തട്ടിയെടുത്ത തുര്‍ക്കി താരം സമേത് അക്കയ്ഡിന്‍ പന്ത് സ്വന്തം ഗോള്‍ കീപ്പര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ അല്‍തായ് ബയേന്‍ഡര്‍ പോസ്റ്റിന് പുറത്തേക്ക് വന്നിരുന്നു. ഗോള്‍കീപ്പര്‍ തിരിച്ച് പോസ്റ്റിലേക്ക് എത്തുന്നതിന് മുന്നേ അക്കയ്ഡിന്‍ സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് സ്‌കോര്‍ ചെയ്തിരുന്നു. ഇതോടെ പോര്‍ച്ചുഗല്‍ അവരുടെ ലീഡ് രണ്ടായി ഉയര്‍ത്തി.
37ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ മികച്ച ഒരു ശ്രമം പാഴായി. ഇടത് വിങില്‍ നിന്ന് ലഭിച്ച പന്ത് ബെര്‍ണാഡോ റൊണാള്‍ഡോയ്ക്ക് നല്‍കി. എന്നാല്‍ പന്ത് സ്വീകരിച്ച റൊണാള്‍ഡോയുടെ ഉന്നം തെറ്റുകയായിരുന്നു. നേരിയ മാര്‍ജിനില്‍ പന്ത് ഗോള്‍പോസ്റ്റിന് പുറത്തേക്ക് നീങ്ങി. 42ാം മിനിറ്റില്‍ റാഫേല്‍ ലിയോയെ ടാക്കിള്‍ ചെയ്തതിന് തുര്‍ക്കിയുടെ അക്കായദിനിനും റഫറി മഞ്ഞകാര്‍ഡ് നല്‍കി. കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ച് പോര്‍ച്ചുഗല്‍ താരം ജാവോ പലിന്‍ഹായെ 45ാം മിനിറ്റില്‍ വീഴ്ത്തിയതിന് തുര്‍ക്കി താരം യുനുസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.
രണ്ടാം പകുതിക്ക് ശേഷം തുര്‍ക്കി പുറത്തെടുത്ത് കൂടുതല്‍ ആക്രമണോത്സുക നീക്കങ്ങളായിരുന്നു. റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളിന് അസിസ്റ്റ് ഒരുക്കിയത്. 52ാം മിനിറ്റില്‍ തുര്‍ക്കി പ്രതിരോധത്തെ മറികടന്ന് റോണോയുടെ കുതിപ്പ്. റൊണാള്‍ഡോ സ്വയം സ്‌കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും മറുഭാഗത്തുള്ള ബ്രൂണോ ഫെര്‍ണാണ്ടസിന് പാസ് നല്‍കുന്നു. ബ്രൂണോ സിമ്പിള്‍ ഫിനിഷിലൂടെ ഗോളാക്കുന്നു. മൂന്ന് ഗോളിന്റെ ലീഡില്‍ പോര്‍ച്ചുഗല്‍ വീണ്ടും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. അവസാന മിനിറ്റുകളില്‍ റൊണാള്‍ഡോയും ചില നീക്കങ്ങള്‍ നടത്തി. തിരിച്ചുവരവ് ഒരിക്കലും സാധ്യമാവില്ലെന്ന് ഉറപ്പിച്ച തുര്‍ക്കി താരങ്ങള്‍ക്ക് പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കാനും ആയില്ല.