ഗ്രാമീണ ടൂറിസം പ്രേമികളുടെ പറുദീസയായി അല്‍മന്ദഖിലെ കുടിലുകള്‍
അല്‍ബാഹ – വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മരങ്ങളും ആകര്‍ഷകമായ രീതിയില്‍ ക്രമീകരിച്ച ഗ്രാമീണ കുടിലുകളും കാരണം അല്‍ബാഹ പ്രവിശ്യയിലെ അല്‍മന്ദഖില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളും ഗ്രാമീണ കുടിലുകളും നിരവധി വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.
അല്‍ബാഹ പ്രവിശ്യയുടെ കാര്‍ഷിക, ടൂറിസം ഐഡന്റിറ്റിയും പ്രവിശ്യയിലെ ഗ്രാമീണ വിനോദസഞ്ചാരവും പ്രതിഫലിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഫാമുകളുടെ ഉടമകള്‍ ശ്രദ്ധിക്കുകയും ഫാമുകള്‍ പുനരധിവസിപ്പിക്കുകയുമായിരുന്നു. അല്‍ബാഹ പ്രവിശ്യ നിരവധി സ്വകാര്യ ഫാമുകളും ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞതാണ്.
സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായി സൗദി വിഷന്‍ 2030 ന് അനുസൃതമായി ടൂറിസം, കാര്‍ഷിക മേഖലയുടെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന നിലക്ക് അല്‍ബാഹ പ്രവിശ്യയിലെ നിരവധി നിവാസികള്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനും വിവിധ പ്രവിശ്യകളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനും താല്‍പര്യം പ്രകടിപ്പിക്കുന്നു.
തന്റെ ഫാമിന് പുതുജീവന്‍ നല്‍കാനുള്ള ആശയം 2022 ല്‍ ആണ് ആരംഭിച്ചതെന്ന് ഫാം ഉടമകളില്‍ ഒരാളായ ഉസ്മാന്‍ അല്‍സഹ്‌റാനി പറഞ്ഞു. കാപ്പി, ഉറുമാന്‍, ഓറഞ്ച്, ചെറുനാരങ്ങ, പീച്ച്, ആപ്രിക്കോട്ട്, അത്തിപ്പഴം, മള്‍ബറി, ബദാം എന്നിവയുള്‍പ്പെടെ അല്‍ബാഹ പ്രവിശ്യ പ്രശസ്തമായ സീസണല്‍ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിവിധതരം മരങ്ങളും ചില അപൂര്‍വയിനം വൃക്ഷങ്ങളും നട്ടുവളര്‍ത്തിയാണ് കൃഷിയിടത്തിന് പുതുജീവന്‍ നല്‍കിയതെന്നും ഉസ്മാന്‍ അല്‍സഹ്‌റാനി പറഞ്ഞു.