റാസൽഖൈമ: ലോകപിതൃദിനത്തിൽ തടവുകാരന് തന്റെ എട്ടുമാസം പ്രായമുള്ള കുട്ടിയെ ആദ്യമായി കാണാൻ അവസരമൊരുക്കി റാസൽഖൈമ പോലീസ്. കുട്ടിയെ ചേർത്തുപിടിച്ച അന്തേവാസിയുടെ ചിത്രം റാസൽ ഖൈമ പോലീസാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. തടവുശിക്ഷ അനുഭവിക്കുന്നതിനിടയിൽ ജനിച്ച എട്ട് മാസം പ്രായമുള്ള മകനെയും കൂട്ടി ഭാര്യയും മറ്റ് രണ്ട് ചെറിയ പെൺമക്കളും കൂടിയാണ് ജയിലിൽ സന്ദർശനത്തിന് എത്തിയത്.
പോലീസിന്‍റെ സഹകരണത്തിന് ഭാര്യ നന്ദി പ്രകടിപ്പിച്ചു. ഞങ്ങളുടെ കുടുംബം ആദ്യമായി പൂർണത നേടിയെന്നും അവർ പറഞ്ഞു. കുടുംബബന്ധങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനാണ് ലോക പിതൃദിനം ആഘോഷിക്കുന്നതിനുള്ള പരിപാടി നടത്തിയതെന്ന് റാക് പൊലീസിലെ പീനൽ ആൻഡ് റിഫോർമേറ്റീവ് ഫൗണ്ടേഷന്റെ മാനേജ്‌മെൻ്റ് ഡയറക്ടർ കേണൽ അബ്ദുല്ല അൽ ഹൈമർ പറഞ്ഞു.
ഇത്തരം സംഗമങ്ങൾ കുടുംബത്തിൽ മികച്ച മാനസിക അന്തരീക്ഷം സൃഷ്ടിക്കുകയും അന്തേവാസികളുടെമേൽ ചെലുത്തുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് മനഃശാസ്ത്രജ്ഞ വഫ ബിൻ യാക്കൂബ് പറഞ്ഞു. പ്രത്യേകിച്ച് നീണ്ടകാലത്തെ ശിക്ഷ അനുഭവിക്കുന്നവർ.ഇത്തരത്തിൽ തടവുകാരും അവരുടെ കുടുംബാംഗങ്ങളും തമ്മിൽ പുനഃസമാഗമത്തിന് അധികാരികൾ സൗകര്യമൊരുക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ജനുവരിയിൽ ഒരു അറബ് യുവതി ദുബായിലെ ഒരു ജയിലിൽ അവരുടെ പിതാവിന്റെ സാന്നിധ്യത്തിൽ വിവാഹിതയായി.
വിവാഹത്തിന് പിതാവിനെ കൂടെ കൂട്ടാൻ വധു ദുബായ് പോലീസിന്‍റെ സഹായം തേടുകയായിരുന്നു.