മ്യൂണിക്ക്: ഒന്നാം നമ്പര്‍ താരം താരങ്ങളോടെ യൂറോ കപ്പിനെത്തിയ ഫ്രഞ്ച് പടയ്ക്ക് നെതർലാന്റിന് എതിരായ മല്‍സരത്തിലും പതറി. ആദ്യ മല്‍സരത്തില്‍ ഓസ്ട്രിയയുടെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട ഫ്രാന്‍സിന് സമനിലയായിരുന്നു രണ്ടാം മത്സരത്തിലെ വിധി. മറ്റൊരു പവര്‍ ഹൗസുകളായ നെതര്‍ലന്റസ് ആണ് ഫ്രാന്‍സിനെ ഗോള്‍ രഹിത സമനിലയില്‍ പൂട്ടിയത്. ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ ഇല്ലാതെയിറങ്ങിയ ഫ്രാന്‍സ് പാഴാക്കിയത് നിരവധി അവസരങ്ങളാണ്. സമനിലയോടെ ഇരുവരും നാല് പോയിന്റോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.
ആര്‍ ബി ലെപ്‌സിഗിന്റെ ഡച്ച് താരം സാവി സിമോണ്‍സ് വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ റഫറി ഓഫ് സൈഡ് വിളിച്ചു. ഫ്രാന്‍സ് ക്യാപ്റ്റന്‍ അന്റോണിയാ ഗ്രീസ്മാനും രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇത് ഫ്രാന്‍സ് കനത്ത തിരിച്ചടിയായി. ഈ യൂറോയിലെ ആദ്യ സമനിലയാണിത്. ഇതോടെ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നിര്‍ണായകമായി.
പരിക്കേറ്റ എംബാപ്പെക്ക് പകരം ഒറേലിയന്‍ ചൗമെനി ഫ്രഞ്ച് നിരയിലെത്തി. അന്റോയ്ന്‍ ഗ്രീസ്മാന്‍ മുന്നേറ്റത്തിലേക്ക് മാറി. കഴിഞ്ഞ മത്സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തിയ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് നെതര്‍ലന്‍ഡ്സ് ഫ്രാന്‍സിനെതിരേ ഇറങ്ങിയത്. ജോയ് വീര്‍മന് പകരം ജെറെമി ഫ്രിംപോങ്ങെത്തി. മല്‍സരത്തിലുട നീളം മികച്ച ഫിനിഷറുടെ അഭാവം ഫ്രഞ്ച് ടീമിനെ ബാധിച്ചു.
ഡെംബലേയും മാര്‍ക്കസ് തുറാമും കഴിഞ്ഞ മല്‍സരത്തിലും ടീമിന്റെ രക്ഷകനായ എന്‍ഗോള കാന്റെയുമാണ് തിളങ്ങിയത്. ഓറഞ്ച് പടയുടെ സൂപ്പര്‍ താരം മെംഫിസ് ടീപ്പേയ്ക്ക് തനത് പ്രകടനം പുറത്തെടുക്കാനായില്ല. സാവി സിമണ്‍സ് തന്നെയാണ് ഡച്ച് പടയ്ക്കായി ഫോമിലായത്.
കളിതുടങ്ങി സെക്കന്‍ഡുകള്‍ക്കകം തന്നെ ഡച്ച് ടീം ഗോളിനടുത്തെത്തി. പന്ത് പിടിച്ചെടുത്ത് സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്‌നന്‍ തട്ടിമാറ്റി. പിന്നാലെ 14-ാം മിനിറ്റില്‍ മറ്റൊരു സുവര്‍ണാവസരവും ഫ്രാന്‍സ് നഷ്ടപ്പെടുത്തി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പോസ്റ്റിലേക്കടിക്കാതെ അഡ്രിയാന്‍ റാബിയോട്ട് അത് ഗ്രീസ്മാന് നല്‍കി. എന്നാല്‍ ഗ്രീസ്മാന് പന്ത് വലയിലെത്തിക്കാനായില്ല.
പന്ത് ലഭിച്ച അവസരങ്ങളെല്ലാം ഓറഞ്ച് പട മികച്ച മുന്നേറ്റം നടത്തി. ഫ്രിംപോങ്ങും കോഡി ഗാക്പോയും ഇരു വിങ്ങുകളിലൂടെയും ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. ഗാക്പോയുടെ ഒരു ഷോട്ട് മൈഗ്‌നന്‍ തട്ടിയകറ്റുകയും ചെയ്തു. ഇതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമിനും കാര്യമായ മുന്നേറ്റങ്ങളൊന്നും സാധ്യമായില്ല. എന്നാല്‍ 60ാം മിനിറ്റിന് ശേഷം ഫ്രാന്‍സ് തുടര്‍ച്ചയായി നെതര്‍ലന്‍ഡസ് ഗോള്‍മുഖം വിറപ്പിച്ചു. 65-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ മറ്റൊരു സുവര്‍ണാവസരം കൂടി നഷ്ടപ്പെടുത്തി. എന്‍ഗോളോ കാന്റെ വലതുവശത്തുനിന്ന് നല്‍കിയ പന്ത് നിയന്ത്രിക്കാന്‍ ഗ്രീസ്മാന് സാധിച്ചില്ല. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഡച്ച് ഗോളി ബാര്‍ട്ട് വെര്‍ബ്രഗന്‍ രക്ഷപ്പെടുത്തി.
തുടര്‍ന്ന് 69-ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് സാവി സിമോണ്‍സ് പന്ത് വലയിലെത്തിച്ചെങ്കിലും ലൈന്‍ റഫറി ഓഫ്ലൈന്‍ ഫ്ളാഗ് ഉയര്‍ത്തി. വാര്‍ പരിശോധനയില്‍ ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രീസ് ഫ്രഞ്ച് ഗോളിക്കടുത്തും ഓഫ്സൈഡ് പൊസിഷനിലുമായതിനാല്‍ ഗോള്‍ നിഷേധിച്ചു. ഏറെ നേരത്തിന് ശേഷമാണ് ഗോള്‍ റഫറി നിഷേധിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മറ്റ് മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയ പോളണ്ടിനെ 3-1നും ഗ്രൂപ്പ് ഇയില്‍ ഉക്രെയ്ന്‍ 2-1ന് സ്ലൊവാക്കിയയെും പരാജയപ്പെടുത്തി.