ടെക്‌സാസ്: കഴിഞ്ഞ ദിവസം കോപ്പാ അമേരിക്കയിലെ ഗ്രൂപ്പ് എയില്‍ നടന്ന ചിലി-പെറു മല്‍സരം സമനിലിയില്‍ കലാശിച്ചിരുന്നു. മല്‍സരത്തില്‍ ചിലിയാണ് മുന്നിട്ട് നിന്നതെങ്കിലും മികച്ച ചില ഗോള്‍ശ്രമങ്ങളുമായി പെറു മുന്നിട്ട് നിന്നിരുന്നു. പെറുവിന്റെ വിജയശ്രമങ്ങള്‍ തകര്‍ത്തത് ക്ലോഡിയോ ബ്രാവോയെന്ന ചിലിയന്‍ ഗോള്‍ കീപ്പറാണ്. ബ്രാവോയുടെ സേവുകളാണ് ചിലിയ്ക്ക് തുണയായത്.
ജിയാന്‍ ലൂക്ക ലപാഡുല, പൗലോ ഗുറെയ്‌റെ എന്നിവരുടെ ഗോള്‍ ശ്രമങ്ങളാണ് ക്ലോഡിയോ തട്ടിമാറ്റിയത്. 41 കാരനായ ക്ലോഡിയുടെ പ്രകടനം 18കാരനെ വെല്ലുന്നതാണെന്ന് ചിലിയുടെ കോച്ച് തന്നെ പറയുന്നു. ഇന്ന് പുലര്‍ച്ചെ ചിലിയ്ക്കായി ഇറങ്ങിയതോടെ ഒരപൂര്‍വ്വ റെക്കോഡും ബ്രാവോ സ്വന്തമാക്കിയിട്ടുണ്ട്. കോപ്പാ അമേരിക്കയുടെ 108 വര്‍ഷത്തെ ചരിത്രത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് ബ്രാവോയുടെ പേരിലായിരിക്കുന്നത്. നിലവില്‍ റയല്‍ ബെറ്റിസിന്റെ താരമാണ് ബ്രാവോ.
മത്സരത്തില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. എഡ്വാര്‍ഡോ വര്‍ഗാസും അലക്സിസ് സാഞ്ചേസും അടങ്ങുന്ന ചിലിയന്‍ മുന്നേറ്റനിരയ്ക്ക് പെറുവിന്റെ പ്രതിരോധക്കോട്ട പിളര്‍ത്താന്‍ സാധിക്കാതെ വന്നു. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. പന്തടക്കത്തില്‍ ചിലിയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പെറുവിന്റെ ബോക്സിലേക്ക് പന്തെത്തിക്കാനും അവസരം സൃഷ്ടിച്ച് ഗോള്‍ കണ്ടെത്താനുമായില്ല. കിട്ടിയ അവസരങ്ങളില്‍ പെറുവും മുന്നേറ്റങ്ങള്‍ നടത്തി.
ചിലിക്കെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ പെറു കളം നിറഞ്ഞ് കളിച്ചിരുന്നു. ബ്രാവോയാണ് പെറുവിന് ജയം നിഷേധിക്കുന്ന പ്രകടനം നടത്തിയത്. ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. സമനിലയോടെ ചിലിയും പെറുവും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. കാനഡയാണ് അവസാന സ്ഥാനത്ത്.