കുവൈത്ത് സിറ്റി – ഹിസ്ബുല്ലക്കെതിരെ സമ്പൂര്‍ണ യുദ്ധത്തിന് ഇസ്രായില്‍ കോപ്പുകൂട്ടുന്ന പശ്ചാത്തലത്തില്‍ ലെബനോനിലുള്ള കുവൈത്തികള്‍ എത്രയും വേഗം ലെബനോന്‍ വിടണമെന്ന് കുവൈത്ത് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. ലെബനോന്‍ വിടാന്‍ സാധിക്കാത്തവര്‍ ബെയ്‌റൂത്ത് കുവൈത്ത് എംബസിയുമായി എമര്‍ജന്‍സി നമ്പറില്‍ ഉടനടി ബന്ധപ്പെടണം. മേഖല സാക്ഷ്യം വഹിക്കുന്ന തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തി പൗരന്മാര്‍ ആരും തന്നെ നിലവില്‍ ലെബനോനിലേക്ക് പോകരുതെന്ന് വിദേശ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ഹിസ്ബുല്ലക്കും ഇസ്രായിലിനുമിടയില്‍ സംഘര്‍ഷം മൂര്‍ഛിച്ചുവരികയാണ്. ഹിസ്ബുല്ലയും ഇസ്രായിലും തമ്മില്‍ ഉടന്‍ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെ കുറിച്ച ഊഹാപോഹങ്ങള്‍ ശക്തമായിട്ടുണ്ട്. വടക്കന്‍ ഇസ്രായിലിലെ പ്രദേശങ്ങളുടെ വ്യോമനിരീക്ഷണ ദൃശ്യങ്ങള്‍ ഹിസ്ബുല്ല പുറത്തുവിട്ടത് ഇസ്രായില്‍, ലെബനോന്‍ അതിര്‍ത്തിയില്‍ ആസന്നമായ യുദ്ധത്തിന്റെ പ്രതീതിയുണ്ടാക്കുന്നു. ഹിസ്ബുല്ല വിമാനങ്ങളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
റാഫേല്‍ കമ്പനിയുടെ സൈനിക വ്യവസായ കോംപ്ലക്‌സ്, ഇസ്രായിലി സൈന്യത്തിന്റെ പ്രധാന നാവിക താവളമായ ഹൈഫാ സൈനിക താവളം അടങ്ങിയ ഹൈഫാ തുറമുഖ ഏരിയ, ഹൈഫാ സിവില്‍ തുറമുഖം, ഹൈഫാ വൈദ്യുതി നിലയം, ഹൈഫാ എയര്‍പോര്‍ട്ട്, എണ്ണ ടാങ്കുകള്‍, പെട്രോകെമിക്കല്‍സ് സ്ഥാപനങ്ങള്‍, അന്തര്‍വാഹിനി യൂനിറ്റ് കമാന്‍ഡ് കെട്ടിടം, യുദ്ധക്കപ്പലുകള്‍ എന്നിവയുടെ വ്യോമനിരീക്ഷണ ദൃശ്യങ്ങളാണ് ഹിസ്ബുല്ല പുറത്തുവിട്ടത്. ഹിസ്ബുല്ലയുടെ വീഡിയോ ക്ലിപ്പിംഗ് മാത്രമല്ല, ലെബനോന്‍ ആക്രമണ പദ്ധതികള്‍ക്ക് ഇസ്രായില്‍ സൈന്യം അംഗീകാരം പ്രഖ്യാപിച്ചതും ആസന്നമായ യുദ്ധത്തെ കുറിച്ച ഊഹാപോഹങ്ങള്‍ക്ക് ആക്കംകൂട്ടി.
ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ദക്ഷിണ ഗാസയില്‍ നിന്ന് ഉത്തര ഇസ്രായിലിലേക്ക് ആയുധങ്ങള്‍ നീക്കാനുള്ള പദ്ധതി ഇസ്രായില്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിലെ അയണ്‍ ഡോം ഹിസ്ബുല്ലയുടെ വലിയ തോതിലുള്ള ആക്രമണത്തിന് വിധേയമാകുമെന്ന ഭീതി ഇസ്രായില്‍ അമേരിക്കയെ അറിയിച്ചതായും യു.എസ് അധികൃതര്‍ പറഞ്ഞു. ലെബനോനില്‍ കര, വ്യോമ ആക്രമണങ്ങള്‍ക്കുള്ള സുസജ്ജതയും ഇസ്രായില്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ തീയതി ഇസ്രായില്‍ വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുല്ല ഞങ്ങളെ ആക്രമിക്കുന്നത് തുടരുകയാണെങ്കില്‍ ദക്ഷിണ ലെബനോന് ഗാസയുടെ ഗതി നേരിടുമെന്ന് മുതിര്‍ന്ന ഇസ്രായിലി രാഷ്ട്രീയ ഉദ്യോഗസ്ഥന്‍ ലെബനോനെ ഭീഷണിപ്പെടുത്തിയതായി ഹീബ്രു പത്രമായ യെദിയോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇസ്രായിലുമായി വലിയ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ നിയന്ത്രണങ്ങളോ നിയമങ്ങളോ ചട്ടങ്ങളോ കൂടാതെ പരിധിയില്ലാതെ ഹിസ്ബുല്ല പോരാടുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല ഭീഷണി മുഴക്കി. ഇസ്രായിലുമായുള്ള കാര്യങ്ങള്‍ വലിയ യുദ്ധത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യതയുണ്ടെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറലായ ഹസന്‍ നസ്‌റല്ല കഴിഞ്ഞയാഴ്ച ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ പാര്‍ട്ടി അണികളിലെ ഒരു പ്രമുഖ നേതാവിന്റെ അനുസ്മരണ ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഹിസ്ബുല്ല ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമായ ഒരു സ്ഥലം പോലും ഇസ്രായിലിലുണ്ടാകില്ലെന്നും ഇതില്‍ മെഡിറ്ററേനിയന്‍ ലക്ഷ്യസ്ഥാനങ്ങളും ഉള്‍പ്പെടുന്നതായും നസ്‌റല്ല പറഞ്ഞു. ശക്തമായ ശേഷികള്‍ ഹിസ്ബുല്ലക്കുണ്ട്. ഇതേ കുറിച്ച് ശത്രുവിന് വളരെ കുറച്ചു മാത്രമേ അറിയുകയുള്ളൂ. യുദ്ധം അടിച്ചേല്‍പിക്കപ്പെടുകയാണെങ്കില്‍ ഭയപ്പെടേണ്ടത് ഇസ്രായിലാണെന്നും ഹസന്‍ നസ്‌റല്ല പറഞ്ഞു.
ഒക്‌ടോബര്‍ ഏഴു മുതല്‍ ഹിസ്ബുല്ലയും ഇസ്രായിലും പരസ്പരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇസ്രായില്‍, ലെബനോന്‍ അതിര്‍ത്തിയില്‍ രംഗം ശാന്തമാക്കാന്‍ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ മേഖലക്ക് വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ലെബനോന്‍ അതിര്‍ത്തിയില്‍ യുദ്ധത്തിന്റെ പെരുമ്പറ ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.