തിരുവനന്തപുരം- യോഗ കൊണ്ട് പ്രത്യേകിച്ച് ഒരു ആരോഗ്യഗുണവുമില്ലെന്നും ശുദ്ധമായ തട്ടിപ്പാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ഭാരവാഹി ഡോ. സുൽഫി നൂറു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതശൈലി രോഗങ്ങക്കൊ മറ്റു രോഗങ്ങൾക്കോ ഒന്നും തന്നെയും യോഗ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കുന്നില്ല. 30 മിനിറ്റ് നടത്തം, മറ്റു കായിക വിനോദങ്ങൾ, നീന്തൽ തുടങ്ങിയവയൊക്കെ തന്നെ ജീവിതശൈലി രോഗങ്ങളെ തടയുമെന്നും ആയുർദൈർഘ്യം കൂട്ടുമെന്നും അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇതൊക്കെ ചെയ്തു കഴിഞ്ഞ് വീണ്ടും സമയം ലഭ്യമെങ്കിൽ വെറുതെ ഒരു രസത്തിന് അല്പം യോഗ വേണമെങ്കിൽ ചെയ്തോളൂവെന്നും സുൽഫി നൂഹു എഴുതുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിൽനിന്ന്.
യോഗയും പുകവലിയും
“ഡോക്ടർക്കെന്താ യോഗയോടിത്ര വെറുപ്പ്”?
ചോദ്യം വന്നത് കേരളം അറിയുന്ന പ്രശസ്തനായ രാഷ്ട്രീയ നേതാവിൽ നിന്നായിരുന്നു. എനിക്കല്ല എതിർപ്പെന്നും ശാസ്ത്രം മറ്റൊന്നാണ് പറയുന്നതെന്നും ഞാൻ പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം വീണ്ടും തുടർന്നു
“ന്യൂയോർക്കിലെ ജോൺ ഓഫ് കെന്നടി എയർപോർട്ടിൽ പോലും യോഗ ചെയ്യാൻ വലിയ വിശാലമായ സ്ഥലമുണ്ട്.
അതറിയൊ?”ഞാൻ കവർ പോയിന്റിന് മുകളിലൂടെ സിക്സർ പായിക്കുന്ന ഭാവത്തിൽ മറുപടി നൽകി
“തൊട്ടപ്പുറത്ത് ഒരു പുകവലി മുറിയും കൂടിയുണ്ട്”
പൊന്തി മുളച്ച ചിരി മറക്കാൻ ശ്രമിച്ച് , തോളിൽ തട്ടി അദ്ദേഹം നടന്നു നീങ്ങുന്നത് ഞാൻ സാകൂതം നോക്കി നിന്നു.
യോഗയ്ക്ക് ഇപ്പോഴും തെളിവില്ല തന്നെ. മറ്റ് വ്യായാമങ്ങളെക്കാൾ നല്ലതാണെന്ന് തെളിയിക്കുന്ന ഒരു തെളിവും നമുക്കില്ല. മറിച്ച് ബഹുദൂരം പിന്നിലും. അതുകൊണ്ടുതന്നെ നിലപാടിൽ ഒരു പൊടി പോലും മാറ്റമില്ല.
ഈ കാലമത്രയും അറിയപ്പെടുന്ന ജേർണലുകളൊ പ്രശസ്തമായ ഏജൻസികളോ പ്രൊഫഷണൽ ബോഡികളോ നടത്തിയ പഠനങ്ങളിൽ എല്ലാം തന്നെയും യോഗ മറ്റ് വ്യായാമങ്ങളെക്കാൾ ബഹുദൂരം പിന്നിലാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുന്നു.
പക്ഷേ അതും വളരെ സൂക്ഷിച്ച് വേണം. യോഗ മൂലം ഗുരുതരമായ ശാരീരിക അപകടങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളതിനും വ്യക്തമായ ശക്തമായ പഠനങ്ങൾ ഉണ്ട്. യോഗയെ കുറിച്ച് നിലവിൽ ലഭ്യമായ പഠനങ്ങൾ ഒക്കെ തന്നെയും ഒട്ടുംതന്നെ നിലവാരമില്ലാത്തതാണ്. അതിൽ പോലും അല്പം ആങ്സൈറ്റി കുറയ്ക്കും എന്നും മനസ്സിന് സ്വസ്ഥത നൽകുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്.
എനിക്കതിന് പാട്ട് കേട്ടാൽ മതി. തെളിവില്ലാത്തതിനെ സ്വീകരിക്കുവാൻ ശാസ്ത്രബോധം അനുവദിക്കുന്നില്ല തന്നെ.
ഇഷ്ടപ്പെട്ട എഴുത്തുകാരനായ റോബിൻ ശർമയുടെ “ദി മോങ് ഹു സോൾഡ് ഹിസ് ഫെരാരി” യോഗയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ട്. അത് ലോകത്തെമ്പാടും ഉണ്ടാക്കിയ ഇമ്പാക്ട് ചെറുതൊന്നുമല്ല.
അദ്ദേഹത്തിന്റെ നല്ല പുസ്തകങ്ങൾ മറക്കുന്നില്ല. “ഫെറാറി” ചവറ്റുകുട്ടയിൽ എറിയേണ്ട പുസ്തകം.
അദ്ദേഹത്തിന്റെ മറ്റു പല പുസ്തകങ്ങളും വളരെ മികച്ചതെങ്കിലും!