ജിദ്ദ- വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനക്ക് ആവശ്യമായ തുകയുടെ ആദ്യഘഡു കൈമാറി. നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് തുക ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ എക്കൗണ്ടിൽ നിക്ഷേപിച്ചത്. 20,000 ഡോളറിന് തുല്യമായ 16,71,000 രൂപയാണ് നിക്ഷേപിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ചർച്ചക്ക് നാൽപതിനായിരം ഡോളർ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
യെമനിൽ ഇത്തരം കൂടിയാലോചനകൾ സാധ്യമാകുന്നത് ഗോത്രങ്ങൾ വഴിയാണ്. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം ഉൾപ്പെടുന്ന ഗോത്രത്തിനെ ചർച്ചയിലേക്ക് കൊണ്ടുവരുന്നതിനാണ് പണം വിനിയോഗിക്കുക. പണം സ്വീകരിക്കാൻ യെമനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം
ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് തുക കൈമാറാനായത്. ചർച്ചകളുടെ ഭാഗമായി ഗോത്രം ഒത്തുതീർപ്പിന് സമ്മതിച്ചാൽ ദിയാധനം സംബന്ധിച്ച ചർച്ച പുരോഗമിക്കും.