മക്ക: സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ കാൽ നൂറ്റാണ്ടിലധികമായി അനുസ്യൂതം തുടർന്നു വരുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾ ഈ വർഷവും സംതൃപ്തമായ രീതിയിൽ നിർവ്വഹിച്ചു.
സവയുടെ ഹജ്ജ് സെല്ലിൻ്റെ കീഴിലാണ് ഹാജി സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മിനാ, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലാണ് പ്രധാനമായും സവയുടെ പരിചയ സമ്പന്നരും പരിശീലനം ലഭിച്ചവരുമായ വോളണ്ടിയർമാർ സേവന പ്രവർത്തനങ്ങൾ നൽകിയത്.
ലോകത്തിൻ്റെ സമസ്ത കോണുകളിൽ നിന്നും ദൈവത്തിന്റെ അതിഥികളായെ ത്തിയ വിശ്വ പൗരൻമാര്‍ക്ക് സവ നല്‍കുന്ന മാനവ സേവനങ്ങള്‍ തികച്ചും അനുകരണീയമാണെന്നും സേവന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഇതര സംഘടനകളോടു സഹകരിച്ചും സഹായിച്ചും പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്ന സവയുടെ പാത ശ്ലാഘനീയമാണെന്നും ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അഭിപ്രായപ്പെട്ടു.
ഏത് കാലാവസ്ഥാ പ്രതികൂലതയിലും സവയുടെ വിവിധ സേവന പ്രവർത്തനങ്ങൾക്ക് ഉപദേശ നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും നൽകുന്ന സുമസ്സുകളോടു നന്ദിയും കടപ്പാടുമുണ്ടെന്ന് സവ പ്രസിഡണ്ട് മുഹമ്മദ് രാജ, ജനറൽ സെക്രട്ടറി നൗഷാദ് മുഹമ്മദ് സാലി തൃക്കുന്നപ്പുഴ, ഹജ്ജ് സെൽ കൺവീനവർ ജമാൽ ലബ്ബ, ക്യാപ്റ്റൻ ഷമീർ മുട്ടം, ആതുര സേവന വിഭാഗം കൺവീനർ ഇർഷാദ് ആറാട്ടു പുഴ, സവ ഭാരവാഹികളായ ആഷിഖ് നദീർ, നൗഷാദ് ചാരുംമൂട്, അനസ് മണ്ണഞ്ചേരി, ഷെഹ്നാദ് വേളൂർ കാർത്തികപ്പള്ളി, സഫീർ കുന്നുമ്മൽ, സഫീദ് മണ്ണഞ്ചേരി എന്നിവർ പറഞ്ഞു.
കഠിനമായ കാലാവസ്ഥയുടെ പ്രതികൂലത യായിരുന്നിട്ടും കഞ്ഞി വിതരണം, വീൽചെയർ സേവനം തുടങ്ങി വിവിധതരം മെച്ചപ്പെട്ട സേവനം നൽകാനായത് ദൈവാനുഗഹമാണെന്നും മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തി സമാധാനപരവും സന്തോഷ പൂർവ്വകവുമായ രീതിയിലുള്ള 2024 ഹജ്ജിന് നേതൃത്വം നൽകിയ ഭരണാധികാരികൾക്കും വേണ്ടി എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാകുമെന്ന് വോളണ്ടിയർമാർ കൂട്ടിച്ചേർത്തു.