കണ്ണൂർ – എരഞ്ഞോളി കുടക്കളത്ത് സ്‌ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ സിപി.എമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെയാണെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ ആവശ്യപ്പെട്ടു.
ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട് വേലായുധൻ മരിച്ചത്. നാടിനെയാകെ വേദനിപ്പിച്ച സംഭവമാണിത്. ആദ്യകാല കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
കോൺഗ്രസിനും ബി.ജെ.പിക്കും സ്വാധീനമുള്ള പ്രദേശമാണിത്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നേരത്തെ സ്‌ഫോടനമുണ്ടായതാണ്. എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റ് എ കെ രമ്യയുടെ ഭർത്താവ് ശ്രീജൻബാബുവിനെ വധിക്കാൻ ശ്രമിച്ച ക്രിമിനലുകളും പരിസര പ്രദേശത്തുള്ളവരാണ്.
യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.