മലപ്പുറം – പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്‍ 32,410 വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും സീറ്റില്ല. 82,446 കുട്ടികളാണ് ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. 50,080 മെറിറ്റ് സീറ്റുകളാണ് ജില്ലയിലുള്ളത്. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്. 32,410 വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല. മെറിറ്റില്‍ ഇനി ശേഷിക്കുന്നത് 44 സീറ്റുകള്‍ മാത്രമാണ്. മാനേജ്മെന്റ്, സ്പോര്‍ട്സ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഉള്‍പ്പടെ ചേര്‍ത്താലും ബാക്കിയുള്ളത് 6437 സീറ്റുകള്‍ മാത്രമായിരിക്കും. ഇതുള്‍പ്പെടെ പരിഗണിച്ചാലും 25973 വിദ്യാര്‍ഥികള്‍ പുറത്ത് നില്ക്കേണ്ടിവരും. ഇവര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. സ്വകാര്യ മേഖലയെ ആശ്രയിച്ചാലും ജില്ലക്ക് രക്ഷയില്ല. ജില്ലയില്‍ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ശേഷിക്കുന്നത് 10,877 സീറ്റുകള്‍ മാത്രമാണ്. അപ്പോഴും 15,096 വിദ്യാര്‍ത്ഥികള്‍ പുറത്ത് തന്നെ നില്‍ക്കണം. സീറ്റ് കിട്ടാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group