മലപ്പുറം- നാടുകാണി ചുരത്തിൽ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി എട്ടുമണിക്കാണ് നാലു കാട്ടാനകളും കാട്ടാനക്കുട്ടിയും റോഡ് മുറിച്ചു നടന്നത്. ഇതിനിടെ ഇതുവഴി വന്ന കാറിന് നേരെ പാഞ്ഞടുത്ത ആന കാറിന്റെ ബോണറ്റ് കാലുകൊണ്ട് ചവിട്ടു പൊട്ടിക്കുകയും ചെയ്തു. വ്യൂപോയിൻ്റിന് മുകളിൽ തകരപ്പാടിയിലാണ് ആക്രമണമുണ്ടായത്. വാഹനത്തിന് നേരെ കാട്ടാനക്കൂട്ടം വരുമ്പോൾ കാറിനകത്തുനിന്ന് കുട്ടികൾ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. പടച്ചോനെ, എന്ന് വിളിച്ചു കുട്ടികളും സ്ത്രീകളും കരയുന്നതാണ് വീഡിയോയിലുള്ളത്.
കാട്ടാനകളുടെ ആക്രമണം നേരിട്ട അഷ്റഫ് മരുത എഴുതിയത് വായിക്കാം.
ഇന്നലെ17/06 (പെരുന്നാൾ ദിവസം) വൈ: 5 മണിക്കാണ് ഞാനും അനുജൻ സുനിൽ ബാബുവും (മാധ്യമം റിപ്പോർട്ടർ) ഞങ്ങളുടെ കുടുംബങ്ങളും രണ്ട് വാഹനങ്ങളിലായി നാടുകാണി ചുരം കയറാൻ പോയത്. രാത്രി 8 മണിക്ക് തിരിച്ചു പോരുമ്പോൾ റോഡിൽ നല്ല തിരക്കുണ്ട്. ചുരത്തിലെ തേൻമല വളവ് എത്തുന്നതിനു മുമ്പായിത്തന്നെ വഴിയിൽ ആനയുണ്ടെന്ന വിവരം ബൈക്കിൽ വരുന്നവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. വാഹനങ്ങൾ വളരെ പതുക്കെയാണ് നീങ്ങുന്നത്.
അനിയനും കുടുംബവും അവരുടെ വാഹനത്തിൽ ഞങ്ങൾക്കു തൊട്ടു പിറകിലാണുള്ളത്. ഞാൻ പെട്ടെന്ന് വാഹനം മുന്നോട്ടു എടുത്തെങ്കിലും, അപ്പോഴേക്കും അനിയൻ്റെ വാഹനത്തിനടുത്തേക്ക് ആന ഓടിയെത്തിക്കഴിഞ്ഞിരുന്നു. അവൻ വാഹനം പിന്നിലേക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും നിറയെ വാഹനങ്ങളുള്ളതിനാൽ വിജയിച്ചില്ല. അപ്പോഴേക്കും ആന അടുത്തെത്തി കലിപൂണ്ട ആന കാറിനെ ആക്രമിച്ചു. മൂന്ന് പ്രാവശ്യം കാൽ കൊണ്ട് കാറിന് ചവിട്ടിയെങ്കിലും, കാൽ അധികം ഉയർത്താനാകാത്തതിനാൽ മുന്നിലെ ബമ്പറും, ബോണറ്റിൻ്റെ മൂലയും , മെയിൻ ലൈറ്റുമാണ് നശിപ്പിക്കാനായത്. അത്രയേ സംഭവിച്ചുള്ളൂ.
ആനയുണ്ടെന്ന വിവരം വഴിമധ്യേ അറിഞ്ഞപ്പോൾ അനിയൻ്റെ മകൾ അഫ്ര വിഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പകർത്തിയതാണ് ഇതോടൊപ്പമുള്ള വീഡിയോ. വഴിക്കടവ് എത്തിയപ്പോൾ ഫോറസ്റ്റ് വകുപ്പിൽ വിവരങ്ങൾ ധരിപ്പിച്ചു. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരിൽ ചിലർ ആനകളെ ശല്യപ്പെടുത്തുന്നതാണ് ഇത്തരം പ്രകോപനങ്ങൾക്ക് പലപ്പോഴും നിമിത്തമാകുന്നതെന്നാണ് ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്. ശരിയായിരിക്കാം. 10 -15 ഇരുചക്ര വാഹനങ്ങളിൽ ആർത്തട്ടഹസിച്ച് പോകുന്നവരെ ഞങ്ങൾ കണ്ടിരുന്നു. വഴിയിൽ ആനയുള്ള വിവരം ഞങ്ങൾക്ക് നൽകിയതും അവരാണ്.
ഇത്തരം വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഫോറസ്റ്റ് വകുപ്പും, അനുബന്ധ വിഭാഗങ്ങളും നൽകുന്ന നിർദ്ദേശങ്ങളും, മുന്നറിയിപ്പ് ബോർഡുകളും കാര്യമായെടുക്കുക. വന്യമൃഗങ്ങളെ ശല്യം ചെയ്യുകയോ, പ്രകോപിപ്പിക്കാതിരിക്കുകയോ ചെയ്യുക. അത് നമ്മുക്കും മറ്റു യാത്രക്കാർക്കും നമ്മൾ ചെയ്യുന്ന വലിയ ഉപകാരമായിരിക്കും.
അഷ്റഫ് മരുത, റിയാദ്