ന്യൂദൽഹി: മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) സംബന്ധിച്ച ആശങ്കകൾക്കിടയിൽ, മെഡിക്കൽ കോളജ് ഉദ്യോഗാർഥികൾക്കായി രാജ്യവ്യാപകമായി പരീക്ഷ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ.ടി.എ) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
“ആരുടെയെങ്കിലും ഭാഗത്ത് 0.001% അശ്രദ്ധ ഉണ്ടായാൽ പോലും അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസിൽ അടുത്ത വാദം ജൂലൈ എട്ടിന് നടക്കും.
നീറ്റ്-യുജി പരീക്ഷയിൽ 1,563 ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കുമെന്നും ജൂൺ 23 ന് വീണ്ടും പരീക്ഷ എഴുതാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ടെന്നും എൻ.ടി.എ കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരീക്ഷയുടെ ഫലം ജൂൺ 30ന് പ്രഖ്യാപിക്കുമെന്നും എൻ.ടി.എ സുപ്രീം കോടതിയെ അറിയിച്ചു.
ഈ ഉദ്യോഗാർത്ഥികളിൽ ആരെങ്കിലും വീണ്ടും പരീക്ഷയിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണെങ്കിൽ, അധിക മാർക്കില്ലാതെ അവരുടെ മുമ്പത്തെ സ്കോർ പുനഃസ്ഥാപിക്കപ്പെടും.
തെറ്റായ ചോദ്യപേപ്പറുകൾ വിതരണം ചെയ്തു, ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (ഒ.എം.ആർ) ഷീറ്റുകൾ കീറി, ഷീറ്റ് വിതരണത്തിൽ കാലതാമസം നേരിട്ടു തുടങ്ങിയ ക്രമക്കേടുകളാണ് നീറ്റ് പരീക്ഷയിൽ സംഭവിച്ചത്. ക്രമക്കേടുകളിൽ നിരവധി വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു.