മനാമ: പ്രവാസികളുടെ അനിയന്ത്രിത വിമാനയാത്രകൂലിക്ക് പരിഹാരമാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. പുതിയതായി നിയമിതനായ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവിനു നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ മുന്‍പും നിവേദങ്ങളും, കോടതിയില്‍ ഹര്‍ജികളൊക്കെ നല്‍കിയിരുന്നു എങ്കിലും വിമാന യാത്രക്കൂലി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല എന്നും വിമാനയാത്രക്കൂലി കമ്പോളശക്തികള്‍ നിര്‍ണയിക്കും എന്ന നിലപാടാണ് കാലാകാലങ്ങളായി സര്‍ക്കാര്‍ എടുത്തുവന്നിരുന്നത്. ഇതിനൊരു മാറ്റമുണ്ടാവണം എന്ന ആവശ്യമാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ നിവേദനത്തില്‍ മുഖ്യമായും ആവശ്യപ്പെടുന്നത്.
കൂടാതെ എയര്‍സേവാ പോര്‍ട്ടല്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപെടുന്നു. വിമാനയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എയര്‍സേവാ പോര്‍ട്ടല്‍ ഇപ്പോള്‍ കാര്യക്ഷമമല്ലെന്നും അടുത്തിടെ വ്യാപകമായി വിമാനയാത്രകള്‍ റദ്ദു ചെയ്യപ്പെട്ടപ്പോള്‍ റീഫണ്ടിനായി എയര്‍സേവാ പോര്‍ട്ടല്‍ വഴി പരാതിപ്പെട്ട പലര്‍ക്കും റീഫണ്ട് കിട്ടുന്നില്ല എന്നും നിവേദനത്തില്‍ ചൂണ്ടികാണിച്ചു. സൗജന്യമായി പ്രശ്നപരിഹാരം കണ്ടിരുന്ന എയര്‍സേവാ പോര്‍ട്ടല്‍ കാര്യക്ഷമമല്ലാത്തതിനാല്‍ റീഫണ്ടിനായി കോടതിയെ സമീപിക്കേണ്ട അവസ്ഥയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഗള്‍ഫ് മേഖലയില്‍ വേനലവധി സമയമായതിനാല്‍ വര്‍ദ്ധിതമായ വിമാനക്കൂലി പ്രവാസികള്‍ക്ക് കടുത്ത സാമ്പത്തീക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആയതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ്. സുധീര്‍ തിരുനിലത്ത് പറഞ്ഞു.