റിയാദ്: നാട്ടിലെ ഈദ് സംഗത്തെ സൗദിയിലേക്ക് പറിച്ചുനട്ട് റിയാദിലെ കിംഗ് അബ്ദുള്ള മസ്ജിദ് അങ്കണത്തിൽ തലശേരിക്കാരുടെ ഈദ് സംഗമം. തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ് വിങ്ങിന്റെ കീഴിലാണ് തലശ്ശേരി മാഹി എടക്കാട് നിവാസികളെ ഒത്തൊരുമിപ്പിച്ചു തലശ്ശേരിയുടെ പൈതൃകമായ ഈദ് ഗാഹ് മാതൃകയിൽ പെരുന്നാൾ സംഗമം സംഘടിപ്പിച്ചത്.
തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ഒട്ടുമിക്ക പ്രവാസികളും ഒന്നിച്ചു നമസ്കരിക്കുകയും ഈദ് ആശംസകൾ കൈമാറുകയും ചെയ്തത് നാട്ടിലെ ഈദ് ദിന ഓർമ്മകൾ സമ്മാനിച്ചുവെന്ന് കമ്മിറ്റി മെമ്പർഷിപ്പ് തലവൻ സാദത്ത് കാത്താണ്ടി അറിയിച്ചു.
പുതുവസ്ത്രത്തിന്റെയും അത്തറിന്റെയും സുഗന്ധത്താൽ പെരുന്നാൾ ആലിംഗനവും ഹസ്തദാനവും ഓരോ വ്യക്തിയും കൈമാറിയപ്പോൾ വെറും ഫോൺ സന്ദേശങ്ങളിൽ മാത്രം ഒതുങ്ങികൂടിയ പെരുന്നാൾ ദിനത്തിൽ നിന്നും വേറിട്ടൊരു ദിവസമായി മാറി ഈ പെരുന്നാൾ ദിനം.
സൗഹൃദങ്ങൾ പങ്കുവെക്കാനും പഴയ കാല ഓർമ്മകൾ കൈമാറാനും ഈ ഒരവസരം സഹായിച്ചു എന്ന് പഴയ കാല പ്രവാസികൾ അറിയിച്ചുവെന്ന് പ്രസിഡന്റ് വി.സി അസ്‌കർ പറഞ്ഞു.