മിന – സൗദി ഭരണാധികാരികള്‍ക്കും സുരക്ഷാ വകുപ്പുകള്‍ക്കും അഭിമാനകരമായി യാതൊരുവിധ അനിഷ്ട സംഭവങ്ങളുമില്ലാതെ ഹജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്. തിക്കുംതിരക്കും മൂലമുള്ള ദുരന്തങ്ങളോ പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ചവ്യാധികളോ ഇത്തവണത്തെ ഹജിന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താപനില ഗണ്യമായി ഉയര്‍ന്നതാണ് ഇത്തവണത്തെ ഹജിന് നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളികളില്‍ ഒന്ന്.
കഴിഞ്ഞ ദിവസം വരെ കടുത്ത ചൂട് മൂലം 2,500 ഓളം പേര്‍ക്ക് സൂര്യാഘാതം നേരിടുകയും ദേഹാസ്വാസ്ഥ്യങ്ങളും ക്ഷീണവും അനുഭവപ്പെടുകയും ചെയ്തു.
സൂര്യാഘാതം അടക്കം ഉയര്‍ന്ന ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ മന്ത്രാലയം വിപുലമായ ക്രമീകരണങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഉയര്‍ന്ന താപനില സൃഷ്ടിക്കുന്ന ഭീഷണികളും അപകടങ്ങളും കണക്കിലെടുത്ത് എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഏതു സമയവും കുടകള്‍ ഏന്തി നടക്കണമെന്നും നഗ്നപാദരായി നടക്കരുതെന്നും ധാരാളം പാനീയങ്ങള്‍ കുടിക്കണമെന്നും ഇടക്കിടക്ക് വിശ്രമിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഹജ് പെര്‍മിറ്റില്ലാത്ത നിയമ ലംഘകര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറി ഹജ് നിര്‍വഹിക്കുന്നത് തടയാന്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധനകളാണ് നടത്തിയിരുന്നത്. പുണ്യസ്ഥലങ്ങള്‍ക്കു ചുറ്റും കനത്ത സുരക്ഷാ വലയം തീര്‍ക്കുകയും ചെയ്തു. നിയമ ലംഘകരെ കടത്താന്‍ ശ്രമിച്ചവരെ പിടികൂടി തടവും പിഴയും വാഹനം കണ്ടുകെട്ടലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇതോടൊപ്പം നിയമവിരുദ്ധമായി ഹജ് നിര്‍വഹിക്കുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നടത്തി. ഇതിന്റെയെല്ലാം ഫലമായി നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കുന്ന പ്രവണത ഏറെക്കുറെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചു. ഇത് നിയമാനുസൃതം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് സമാധാനത്തോടെയും ശാന്തിയോടെയും എല്ലാവിധ സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തിയും പ്രയാസരഹിതമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരമൊരുക്കി.
ഹജിനിടെ കലാപങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ശ്രമിക്കുന്നവരെയും ഹാജിമാരുടെ സുരക്ഷക്ക് ഭംഗംവരുത്താന്‍ നോക്കുന്നവരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും വിവിധ സുരക്ഷാ വകുപ്പ് മേധാവികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പതിനായിരക്കണക്കിന് സുരക്ഷാ സൈനികരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കുകയും പുണ്യസ്ഥലങ്ങളിലെ മുക്കുമൂലകള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച 8,000 ലേറെ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഹജ് സുരക്ഷ ഉറപ്പുവരുത്താനും ഹാജിമാര്‍ക്ക് ഏറ്റവും മുന്തിയ സേവനങ്ങള്‍ നല്‍കാനും നിര്‍മിതബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി.
സാധാരണയില്‍ തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള ജംറയില്‍ കല്ലേറ് കര്‍മത്തിനിടെ ഒരുവിധ പ്രശ്‌നങ്ങളും ഇത്തവണയുണ്ടായില്ല. വളരെ സുഗമമായി കല്ലേറ് കര്‍മവും ത്വവാഫുല്‍ഇഫാദയും ഹാജിമാര്‍ പൂര്‍ത്തിയാക്കി. ഇന്നലെ ജംറത്തുല്‍അഖബയില്‍ മാത്രം കല്ലേറ് നടത്തിയ ഹാജിമാര്‍ ഇന്നും നാളെയും മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. നാളെ ഉച്ചക്കു ശേഷം കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി നല്ലൊരു ശതമാനം തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. ശേഷിക്കുന്നവര്‍ മറ്റന്നാള്‍ കൂടി കല്ലേറ് കര്‍മം നിര്‍വഹിച്ചാകും മടങ്ങുക.
ഹാജിമാരുടെ സാന്നിധ്യമുള്ള മുഴുവന്‍ സ്ഥലങ്ങളിലും തമ്പുകളുമായി ബന്ധിപ്പിച്ച റോഡുകളിലും ജംറക്കു മുന്നിലും മതാഫിലും മസ്അയിലും വിശുദ്ധ ഹറമിലും കാല്‍നടയാത്രക്കാരുടെ നീക്കങ്ങള്‍ ശക്തമായി ക്രമീകരിക്കുന്നതായും ആള്‍ക്കൂട്ട നിയന്ത്രണം ഏറ്റവും ഭംഗിയായി നടത്തുന്നതായും ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് പറഞ്ഞു. ഹാജിമാര്‍ തുടര്‍ന്നും മാര്‍നിര്‍ദേശങ്ങള്‍ പാലിക്കണം. ജംറയിലേക്കുള്ള യാത്രക്ക് പ്രത്യേകം നിശ്ചയിച്ച റോഡുകളിലൂടെ മാത്രം ഹാജിമാര്‍ കടന്നുപോകണം. കല്ലേറ് കര്‍മത്തിന് നിശ്ചയിച്ചു നല്‍കിയ സമയക്രമം തീര്‍ഥാടകര്‍ കര്‍ശനമായി പാലിക്കണം. കല്ലേറ് കര്‍മത്തിന് പോകുമ്പോള്‍ ലഗേജുകള്‍ കൈവശം വെക്കരുത്. നാളെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മിനാ വിടുന്നവര്‍ സംഘാടകര്‍ നിശ്ചയിച്ച സമയത്തു മാത്രമേ കല്ലേറ് കര്‍മത്തിന് തമ്പുകളില്‍ നിന്ന് പുറത്തുപോകാന്‍ പാടുള്ളൂവെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.