മുംബൈ- മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡേ വിഭാഗം എംപി രവീന്ദ്ര വൈകാറിന്റെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രവീന്ദ്ര വെകാറിന്റെ മരുമകൻ മങ്കേഷ് പണ്ടിൽക്കറാണ് ഇവിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ ഉപയോഗിച്ചിരുന്നതായി വൻറായ് പോലീസ് കണ്ടെത്തിയത്. ഇവിഎം അൺലോക്ക് ചെയ്യാനുള്ള ഒ.ടി.പി ലഭിക്കാനായി ഉപയോഗിച്ചിരുന്ന ഫോണാണ് ഇയാൾ ഉപയോഗിച്ചത്.
ഇയാൾ പ്രസ്തുത ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, മങ്കേഷിനും തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും നോട്ടിസ് അയച്ചതായി പോലീസ് അറിയിച്ചു.
മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ശിവസേന(ഏക്നാഥ് ഷിൻഡേ വിഭാഗം) എം.പി രവീന്ദ്ര വൈകാറിന്റെ ഭാര്യ സഹോദരനാണ് മങ്കേഷ്. രവീന്ദ്ര വൈകാറിൻ്റെ മണ്ഡലത്തിൻ്റെ ഭാഗമായ ഗോരേഗാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് മങ്കേഷ് പാണ്ടിൽക്കർ ഫോണുമായി എത്തിയത്. ഇത് സംബന്ധിച്ച് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ പോലീസിനെ സമീപിക്കുകയായിരുന്നു.
പോളിംഗ് ജീവനക്കാരായ ദിനേശ് ഗുരവിൻ്റെ പരാതിയിൽ പണ്ടിൽക്കർക്കെതിരെ കേസെടുത്തു. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് 48 വോട്ടിനാണ് വൈകാർ വിജയിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിലെ ഇവിഎം മെഷീൻ അൺലോക്ക് ചെയ്യുന്ന ഒടിപി ലഭിക്കുന്ന മൊബൈൽ ഫോണാണ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. മൊബൈൽ ഫോൺ ഡാറ്റ കണ്ടെത്തുന്നതിനായി പോലീസ് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. ഫോണിലെ വിരലടയാളവും ശേഖരിച്ചു.
എന്താണ് സംഭവിച്ചത്.
ജൂൺ 4 ന്, വോട്ടിംഗ് ദിനത്തിൽ നെസ്‌കോ സെൻ്ററിനുള്ളിലാണ് സംഭവം നടന്നത്. ഇ.വി.എം മെഷീനുകൾ ഉപയോഗിച്ചതിന് ശേഷവും ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) സർവീസ് വോട്ടർക്കായി ഉപയോഗിച്ചിരുന്നു. പോസ്റ്റൽ ബാലറ്റ് സംവിധാനം അൺലോക്ക് ചെയ്യാൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഉദ്യോഗസ്ഥൻ ഗുരവ് ഉപയോഗിച്ച അതേ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒടിപി ജനറേറ്റ് ചെയ്യുകയായിരുന്നു. ഇവിഎം മെഷീൻ വഴിയുള്ള വോട്ടെണ്ണൽ വേളയിൽ എതിർ സ്ഥാനാർത്ഥി അമോൽ കീർത്തികർ മുന്നിലായിരുന്നുവെങ്കിലും ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ കീർത്തികർ പിന്നിലായി. ഒടുവിൽ മത്സരത്തിൽ രവീന്ദ്ര വൈകറിനോട് 48 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.