മിന – ഹജ്, ഉംറ മന്ത്രാലയത്തിലെ സാദാ ജീവനക്കാരെ പോലെ മന്ത്രാലയത്തിന്റെ എംബ്ലങ്ങള്‍ പതിച്ച യൂനിഫോം ധരിച്ച് സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പുണ്യസ്ഥലങ്ങളില്‍ ഓടിനടക്കുന്ന കാഴ്ച വിസ്മയമായി. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ സുസജ്ജതയും വിലയിരുത്താനാണ് ഹജ്, ഉംറ മന്ത്രി പുണ്യസ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഓടിനടന്ന് സന്ദര്‍ശിച്ചത്. മന്ത്രാലയത്തിലെ മറ്റു രണ്ടു ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സാദാ ജീവനക്കാരെ പോലെ ഹജ്, ഉംറ മന്ത്രി പുണ്യസ്ഥലങ്ങളിലൂടെ ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മക്കയില്‍ നിന്ന് മിനായിലേക്കും മിനായില്‍ നിന്ന് അറഫയിലേക്കും അവിടെ നിന്ന് മുസ്ദലിഫയിലേക്കുമുള്ള ഹജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ഹജ്, ഉംറ മന്ത്രി പറഞ്ഞു. മശാഇര്‍ മെട്രോയും 20,000 ലേറെ ബസുകളും ഹജ് തീര്‍ഥാടകരുടെ യാത്രകള്‍ക്ക് ഉപയോഗപ്പെടുത്തി. 60,000 ഓളം ഡ്രൈവര്‍മാരും ഫീല്‍ഡ് ഗൈഡുമാരും അടക്കം ഒരു ലക്ഷത്തിലേറെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഹാജിമാര്‍ക്ക് യാത്രാ സേവനങ്ങള്‍ നല്‍കുന്നതില്‍ പങ്കാളിത്തം വഹിച്ചതായും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.