ദമാം: ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉറ്റവരുടെ സ്നേഹവും ബാക്കിയാക്കി അപ്രതീക്ഷിതമായി കുവൈത്തിലെ എൻ.ബി.ടി.സി ക്യാമ്പിലെ തീപിടുത്ത അപകടത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഫുട്ബോൾ പ്രേമികളുടെ ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രവാസ ലോകത്തെ കണ്ണീർമഴയായിട്ടെത്തിയ ദുരന്തത്തിൽ തീനാളങ്ങൾ കവർന്നെടുത്ത മലയാളികളടക്കം നിരവധി പേരുടെ ജീവനുകൾക്ക് പ്രാർത്ഥനാ പ്രണാമങ്ങളർപ്പിച്ച് കൊണ്ട് ഡിഫ സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്ന ദമാമിലെ അൽ യമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ അനുശോചന ചടങ്ങിൽ പങ്കാളികളായി.
ദുരന്തത്തിൽ പൊലിഞ്ഞ് പോയവരുടെ സ്വപ്നങ്ങളും, എരിഞ്ഞൊടുങ്ങിയ മോഹങ്ങളുമൊക്കെ പ്രവാസ ലോകത്തിന്‍റെ തീരാനഷ്ടങ്ങളാണെന്ന് ചടങ്ങ് ഒരേ സ്വരത്തിൽ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. വിഷമതകൾ അനുഭവിക്കുന്ന ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് തളർന്നുപോകാതെ ദൈവം ശക്തി നൽകട്ടെ എന്ന് കൂടി ഏവരും ഒരു നിമിഷം മൗനമാചരിച്ച് പ്രാർത്ഥനാ മുഖരിതമായി.
ടൂര്‍ണമെന്‍റ് കമ്മറ്റി ചെയർമാൻ മുജീബ് കളത്തിൽ, കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, ആക്ടിങ്ങ് പ്രസിഡണ്ട് ഷഫീർ മണലോടി, , ആക്ടിങ്ങ് ജന:സെക്രട്ടറി ആസിഫ് കൊണ്ടോട്ടി, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയാ കൺവീനർ സഹീർ മജ്ദാൽ, ലിയാഖത്തലി കാരങ്ങാടൻ, റിയാസ് പറളി, റഷീദ് ചേന്ദമംഗല്ലൂര്‍, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന്, അന്‍ഷാദ്, ഫവാസ് കലിക്കറ്റ് തുടങ്ങിയവർ സംബന്ധിച്ചു.