ജിദ്ദ: അറഫ എന്നാല്‍ തിരിച്ചറിവ്. അതെ, ഇത് തിരിച്ചറിവിന്റെ ചരിത്രഭൂമിക. അലൗകിക തേജസ്സ് അക്ഷരാര്‍ഥത്തില്‍ വലയം ചെയ്ത അറഫയുടെ മണ്ണും വിണ്ണും ആഴിയുടേയും ആകാശത്തിന്റേയും അതിരുകള്‍ താണ്ടിയെത്തിയ ഇരുപത് ലക്ഷം വിശ്വാസികളുടെ വികാരനിര്‍ഭരമായ ഭക്തസംഗമത്തിന് സാക്ഷ്യം വഹിച്ചു. അറഫ സംഗമത്തില്‍ ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലിയെ ഖുതുബ നിർവഹിച്ചു. ലോക സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ഖുതുബയിൽ ഉണർത്തി.
അറഫാ താഴ്‌വരയെ അഭൗമപ്രകാശത്തില്‍ നിമഗ്നമാക്കിക്കൊണ്ട് ലാളിത്യത്തിന്റെ വെളുത്ത പുടവ ചുറ്റിയെത്തിയ, ഇരുന്നൂറോളം രാഷ്ട്രങ്ങളില്‍ നിന്ന് മുന്നൂറോളം ഭാഷ സംസാരിക്കുന്ന തീര്‍ഥാടകസഞ്ചയമാകെ, പ്രാര്‍ഥനയ്ക്കുത്തരം ലഭിക്കുന്ന അറഫയില്‍ അണി നിരന്നത് പരിശുദ്ധ ഹജ്ജിന്റെ പ്രധാനചടങ്ങായി. അറഫയാണ് ഹജ്ജ് എന്നത് ഓരോ ഹാജിയും നെഞ്ചേറ്റി. ഇരുകൈകളുമുയര്‍ത്തി, കരള്‍പിളരും വികാരവായ്‌പോടെ, അവരത്രയും ആരാധനാമന്ത്രങ്ങളുടെ ഉരുക്കഴിച്ചു.
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്..
(നാഥാ, നിന്റെ വിളിക്കുത്തരം നല്‍കാന്‍ ഞങ്ങളിതാ എത്തി)..
മിനായുടേയും അറഫയുടേയും താഴ്‌വാരങ്ങള്‍ പ്രകമ്പനം കൊണ്ടു. ഭക്ത്യാദരവുകളോടെയുള്ള അറഫയിലെ അണിനിരക്കലിനും പ്രാര്‍ഥനകള്‍ക്കും ശേഷം മുസ്ദലിഫയില്‍ രാപാര്‍ക്കാന്‍ നീങ്ങുന്ന ഹാജിമാരുടെ വന്‍വ്യൂഹത്തിനാണ് ഇന്ന് സായാഹ്നത്തില്‍ പുണ്യകേന്ദ്രങ്ങള്‍ സാക്ഷ്യം വഹിക്കുക.
സൗദി അറേബ്യ കാഴ്ച വെച്ച ഏറ്റവും അത്യാധുനികവും ശാസ്ത്രീയവുമായ രീതിയിലുള്ള ഹജ് മാനേജ്‌മെന്റിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിക്കുന്നത്. ഹജ് ടെര്‍മിനലിലെ പുതുപുത്തന്‍ സംവിധാനം, എയര്‍ ടാക്‌സി, മെട്രോ ട്രെയിന്‍ സൗകര്യങ്ങള്‍.. ഇവയെല്ലാം കൂടുതല്‍ വിപുലമാക്കി.
പരിസ്ഥിതി സൗഹൃദമെന്ന ആപ്തവാക്യവും ഈ ഹജ്ജിന്റെ സവിശേഷത തന്നെ. തമ്പുകളുടെ നഗരമായ മിനായിലെ താമസസൗകര്യങ്ങളും ഏറ്റവും നൂതനവും സൗകര്യപ്രദവുമായ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഹാജിമാര്‍ അഭിപ്രായപ്പെട്ടു.
ഹാജിമാരുടെ യാത്ര, താമസം, ഭക്ഷണം, ഹജ് നിര്‍വഹണം തുടങ്ങി എല്ലാവിധത്തിലുമുള്ള ഒരുക്കങ്ങള്‍ക്കും സൗദി ഹജ് മന്ത്രാലയത്തിന്റെ ഭാവനാസമ്പന്നവും ദീര്‍ഘദൃഷ്ടിയോടെയുമുള്ള നേതൃപരമായ ഇടപെടലാണുള്ളത്. അത് കൊണ്ട് തന്നെ അതിനൂതനമായ ഹജ്ജ് നിര്‍വഹണത്തിന്റെ സേവനഘട്ടങ്ങളത്രയും ഓരോ ഹാജിയുടേയും മനസ്സില്‍ എക്കാലത്തും സൂക്ഷിക്കാനുള്ള സുഖദമായ ഓര്‍മയായും അന്ത്യം വരെ മാറുമെന്നുറപ്പ്.
പരിശുദ്ധ ഹജിന്റെ ഏറ്റവും സുപ്രധാന കര്‍മ്മമായ അറഫാസംഗമത്തില്‍ പങ്കെടുത്ത ഹാജിമാര്‍ വെളുത്ത അലകടലായി ചരിത്രം സ്പന്ദിക്കുന്ന മുസ്ദലിഫയിലേക്ക്. മുസ്ദലിഫ – തീര്‍ഥാടനത്തിനിടയ്ക്ക് ഇതൊരു ദശാസന്ധിയാണ്. കല്ലും മണ്ണും നിറഞ്ഞ വിശാലമായ തുറസ്സില്‍, ലളിത വേഷധാരികളായി, ആരാധനാ നിമഗ്‌നരായി ആകാശം നോക്കിക്കിടക്കുന്ന, അതിസമ്പന്നരും അതിദരിദ്രരും. പരലോകവിചാരണ പ്രതീകവല്‍ക്കരിച്ച മിനിയേച്ചര്‍, വിശാലമായ താഴ്വരയില്‍ രൂപപ്പെടുത്തിയ പോലെയുള്ള കമനീയദൃശ്യം. മനുഷ്യ ജന്‍മത്തിന്റെ ക്ഷണികതയും ഐഹികമോഹങ്ങളുടെ വ്യര്‍ഥതയും മുസ്ദലിഫ എന്ന വിശാലമായ പ്രദേശത്ത് ദൃശ്യവല്‍ക്കരിക്കപ്പെടുന്നത് വൈരാഗികളായ തീര്‍ഥാടകരുടെ ഈ കിടപ്പില്‍ നിന്ന് വായിച്ചെടുക്കാനാവും. അന്തിവെട്ടത്തില്‍ ചരിത്രശൈലങ്ങളുടെ മഹാമേരുക്കള്‍ കണക്കെ അറഫാമല ഈ അസുലഭകാഴ്ചകള്‍ക്ക് കാവല്‍ നിന്നു. പകല്‍ച്ചൂട് രാക്കാറ്റിന് ശീതവീഥിയൊരുക്കിക്കൊടുക്കുന്ന മുസ്ദലിഫയില്‍ നിന്ന് നാളെ തിന്മയുടെ പ്രതീകമായ സാത്താന്റെ പ്രതീകത്തിനു നേരെ കല്ലെറിയാന്‍ ജംറ ലക്ഷ്യമാക്കിയുള്ള മഹായാനം….