ജിദ്ദ – സ്വകാര്യ സൊസൈറ്റികള്‍ക്കു വേണ്ടി സംഭാവനകള്‍ നല്‍കാന്‍ ആഹ്വാനം ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത 11 സെലിബ്രിറ്റികള്‍ക്കെതിരായ കേസുകള്‍ നിയമനടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ അറിയിച്ചു.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തികള്‍ പരസ്യ ഉള്ളടക്കം നല്‍കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് വ്യവസ്ഥകള്‍ പ്രകാരം, പ്രദര്‍ശിപ്പിക്കുന്നത് പരസ്യമാണോ എന്ന കാര്യം വെളിപ്പെടുത്താതെ പരസ്യങ്ങള്‍ ചെയ്ത് ഇവര്‍ നിയമ ലംഘനം നടത്തുകയായിരുന്നു.
വ്യക്തിപരമായ താല്‍പര്യങ്ങള്‍ കൈവരിക്കാന്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആഗ്രഹിച്ചും, സംഭാവനകളുടെ ശേഖരണത്തിലും വിതരണത്തിലും സംയോജിത നിയന്ത്രണം കൈവരിക്കുന്നതിന് നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടറും ബന്ധപ്പെട്ട വകുപ്പുകളും തമ്മില്‍ തുടര്‍ച്ചയായ സഹകരണം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായുമാണ് നിയമ ലംഘകരായ സെലിബ്രിറ്റികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതെന്ന് സെന്റര്‍ പറഞ്ഞു.