കൊച്ചി- സമകാലിക സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളും ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സിനിമാ പ്രതിഭയുമായ ടി എസ് സുരേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ഡി എൻ എ ബക്രീദ് സീസണിൽ (14 ജൂൺ 2024) മിഴി തുറക്കുകയാണ്. ഫാമിലി – ക്രൈം – ത്രില്ലർ സിനിമയെന്ന വിശേഷണത്തിലുള്ള ഡി എൻ എയിൽ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
കോട്ടയം കുഞ്ഞച്ചൻ, കന്യാകുമാരി എക്സ്പ്രസ്, കിഴക്കൻ പത്രോസ് തുടങ്ങിയ വ്യതിരിക്തത നിറഞ്ഞു നിന്ന ജനപ്രിയ ചിത്രങ്ങളിലൂടെ സിനിമാ സംവിധാന രംഗത്തെ പ്രമുഖനായ സുരേഷ്ബാബുവാണ് ഡി.എൻ.എയും ഒരുക്കിയിരിക്കുന്നത്.
എ കെ സന്തോഷ് കഥയും സംഭാഷണവും രവിചന്ദ്രൻ ചിത്രീകരണവും ശരത്, ശബ്നം ശുക്ല എന്നിവർ സംഗീതവും നിർവഹിക്കുന്ന ചിത്രം വിവിധ ആസ്വാദന തലങ്ങളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. അഷ്കർ സൗദാനാണ് പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജി പണിക്കർ, റായ് ലക്ഷ്മി, അജു വർഗീസ്, ജോൺ ആന്റണി, ബാബു ആന്റണി, സ്വാസിക, റിയാസ് ഖാൻ മുതലായവരും സിനിമയിലുണ്ട്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൽ നാസറാണ് നിർമാണം.