മിന – വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും മക്കയിലുമായി സ്ഥാപിച്ച 8,000 ഓളം ക്യാമറകള്‍ വഴി നിര്‍മിതബുദ്ധി സാങ്കേതികവിദ്യകള്‍ ഹജ് സുരക്ഷാ സേനക്കു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ പ്രയോജനപ്പെടുത്തുന്നു. ഹജിനിടെ സുരക്ഷ കാത്തുസൂക്ഷിക്കല്‍, ആള്‍ക്കൂട്ട നിയന്ത്രണം, ഗതാഗത പദ്ധതി, അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ ലക്ഷ്യമിട്ട് തത്സമയ നിരീക്ഷണത്തിന് 500 ലേറെ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹജ് സുരക്ഷാ സേനാ പദ്ധതികള്‍ നടപ്പാക്കുന്ന സ്പന്ദിക്കുന്ന ഹൃദയമാണ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്ന് ഹജ് സുരക്ഷാ സേനാ വക്താവ് ലെഫ്. കേണല്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു. സെന്ററില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഒരുക്കിയിരിക്കുന്നു. ഫീല്‍ഡിലെ സുരക്ഷാ സേനകളുമായി ഏകോപിച്ച് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. വിശുദ്ധ ഹറമിലെ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്ററുമായും ഏകീകൃത കണ്‍ട്രോള്‍ സെന്ററു (911) മായും ഹജ് സുരക്ഷാ സേനക്കു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനെ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതായും ലെഫ്. കേണല്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു.