* 200 കോടി ലോകമുസ്‌ലിംകളുടെ പരിച്ഛേദം പരിശുദ്ധ മക്കയില്‍
ജിദ്ദ: ഇരവുപകലുകളുടെ ഇടവേളകളില്ലാതെ സൗദിയുടെ വ്യോമപഥങ്ങളില്‍ ഇരമ്പിയിറങ്ങിയ ആകാശപേടകങ്ങളില്‍ നിന്ന് അലയടിക്കുന്ന ആത്മമന്ത്രണങ്ങളുടെ ആവേശകരമായ ആരോഹണം: അതെ, തല്‍ബിയത്തിന്റെ താളം നിറഞ്ഞ സ്വരധാര – ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…
അവസാന ഹജ് വിമാനവും ജിദ്ദയുടെ നിലം തൊട്ടതോടെ അല്ലാഹുവിന്റെ അതിഥികളായ തീര്‍ഥാടകരുടെ ഈ സീസണിലെ ഒഴുക്ക് നിലയ്ക്കുകയും മക്കയുടെ ചുറ്റുവട്ടമാകെ ലോകമെമ്പാടുമുള്ള ഇരുന്നൂറ് കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ വിദൂരപ്രാതിനിധ്യമായി ഇരുപത് ലക്ഷം വിശ്വാസികള്‍ ആത്മീയതയുടെ അപാരമായ ആഴീമുഖം തീര്‍ക്കുകയും ചെയ്തു.
തീര്‍ഥാടകലക്ഷങ്ങള്‍ മക്കയില്‍ നിന്ന് ഇന്ന് സായാഹ്നത്തോടെ മിനായിലേക്ക് നീങ്ങിത്തുടങ്ങും. ഇതിനകം മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി നേരത്തെ മക്കയിലെത്തിയ ഹാജിമാര്‍ ത്വവാഫും സഈയും നിര്‍വഹിച്ച ശേഷമാണ് മിനായിലേക്ക് നീങ്ങുന്നത്. അതേ സമയം അവസാനഘട്ടത്തില്‍ ജിദ്ദയിലിറങ്ങിയ തീര്‍ഥാടകര്‍ ഹജ് കര്‍മത്തിനു ശേഷമായിരിക്കും മദീനയിലേക്ക് പോവുക.
സൗദി അറേബ്യ കാഴ്ച വെച്ച ഏറ്റവും അത്യാധുനികവും ശാസ്ത്രീയവുമായ രീതിയിലുള്ള ഹജ് മാനേജ്‌മെന്റിനാണ് ഇത്തവണ ഇസ്‌ലാമിക ലോകം സാക്ഷ്യം വഹിക്കുക. ഹജ് ടെര്‍മിനലിലെ സംവിധാനം, എയര്‍ ടാക്‌സി, മെട്രോ ട്രെയിന്‍ സൗകര്യങ്ങള്‍.. ഇവയെല്ലാം കൂടുതല്‍ വിപുലമാക്കിയത് പോലെ ഹാജിമാരുടെ മിനായിലെ താമസസൗകര്യങ്ങളും ഏറ്റവും നൂതനവും സൗകര്യപ്രദവുമായ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹാജിമാരുടെ യാത്ര, താമസം, ഭക്ഷണം, ഹജ് നിര്‍വഹണം തുടങ്ങി എല്ലാവിധത്തിലുമുള്ള ഒരുക്കങ്ങള്‍ക്കും സൗദി ഹജ് മന്ത്രാലയത്തിന്റെ ഭാവനാസമ്പന്നവും ദീര്‍ഘദൃഷ്ടിയോടെയുമുള്ള നേതൃപരമായ ഇടപെടലാണുള്ളത്. അത് കൊണ്ട് തന്നെ അതിനൂതനമായ ഹജ്ജ് നിര്‍വഹണത്തിന്റെ സേവനഘട്ടങ്ങളത്രയും ഓരോ ഹാജിയുടേയും മനസ്സില്‍ എക്കാലത്തും സൂക്ഷിക്കാനുള്ള സുഖദമായ ഓര്‍മയായും അന്ത്യം വരെ മാറുമെന്നുറപ്പ്.
വിശുദ്ധിയുടെ വെണ്‍മ പുരണ്ട, ധവളാഭമായ ഉടയാട ചുറ്റി ചുണ്ടില്‍ നിറസ്‌തോത്രവും ഉള്ളില്‍ നിറഭക്തിയുമായി എത്തിയ തീര്‍ഥാടകര്‍ മിനായില്‍ നിന്ന് ശനിയാഴ്ച, പരിശുദ്ധ ഹജിന്റെ ഏറ്റവും സുപ്രധാന കര്‍മ്മമായ അറഫാസംഗമത്തില്‍ പങ്കെടുക്കാനായി, വെളുത്ത അലകടലായി ചരിത്രം സ്പന്ദിക്കുന്ന അറഫായിലേക്കൊഴുകും. അറഫയാണ് ഹജ്ജ് എന്ന പവിത്രപദം സാര്‍ഥകമാക്കിയാവും ഓരോ തീര്‍ഥാടകനും അറഫയില്‍ ഭക്ത്യാദരവോടെ അണിചേരുക.
ലോകത്തിന്റെ തെക്കും വടക്കും അന്നേരം അറഫയില്‍ കൈകോര്‍ക്കും. കിഴക്കും പടിഞ്ഞാറും അവിടെ സന്ധിക്കും. സ്വയം സമര്‍പ്പണത്തിന്റേയും പാപമോചനത്തിന്റേയും ആരാധനാമന്ത്രങ്ങളായിരിക്കും അറഫയില്‍ ഉരുക്കഴിക്കപ്പെടുക. തൂവെണ്‍മയുടെ ആ പാല്‍ക്കടലില്‍ ഇഹപരമോക്ഷം ലക്ഷ്യമാക്കിയുള്ള പുണ്യയാനമായിരിക്കും ഓരോ ഹാജിയുടേയും മോഹം.
അറഫ – വിശ്വമാകെ ഒരൊറ്റ ദിശയിലേക്ക്. പ്രവാചകന്റെ അവസാനപ്രസംഗത്തിലെ ദിവ്യബോധനങ്ങളത്രയും അവാച്യമായി പ്രതിഫലിക്കുന്ന അറഫയിലെ അണിചേരലിനുള്ള യാത്ര – ഉവ്വ്, ഈ യാത്ര, യാത്രകളില്‍ ഏറ്റവും പുണ്യമാക്കപ്പെട്ട യാത്ര തന്നെയെന്ന് ഓരോ തീര്‍ഥാടകനുമറിയാം. ഭക്തലക്ഷങ്ങളുടെ ജപമന്ത്രങ്ങള്‍ക്ക് മീതെ അപൂര്‍വജ്യോതിസ്സോടെ ജ്വലിച്ചുയരുന്ന സൂര്യനും പിന്നാലെ ഉഷ:സന്ധ്യകളും. ഭൂമിയുടെ നേര്‍മധ്യസ്ഥാനമായ പരിശുദ്ധ മക്ക, ലോകമെങ്ങുമുള്ള വിശ്വാസികളുടെ, ഈണം മുറിയാത്ത ദൈവസ്‌ത്രോത്രങ്ങളാല്‍ തുടിച്ചുണരുന്ന അഭൗമകാഴ്ചകള്‍ക്കാവും ഇനിയുള്ള ദിനങ്ങളില്‍ സാക്ഷ്യം വഹിക്കുക.
ഒന്നേ മുക്കാല്‍ ലക്ഷം തീര്‍ഥാടകരെയാണ് ഇന്ത്യ ഇത്തവണ അയച്ചിട്ടുള്ളത്. ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് എണ്ണത്തില്‍ മുന്‍പന്തിയില്‍. ഇന്ത്യന്‍ തീര്‍ഥാടകരുടെ യാത്ര, പാര്‍പ്പിടം, ഹജ് കര്‍മാനുഷ്ഠാനം എന്നീ കാര്യങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തുന്നതായി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹജ് കമ്മിറ്റി വഴിയും സ്വകാര്യ സംഘങ്ങള്‍ വഴിയും ഇന്ത്യയില്‍ നിന്നെത്തിയ മലയാളികളുള്‍പ്പെടെയുള്ള ഹാജിമാരുടെ സൗകര്യങ്ങള്‍ക്കായി കോണ്‍സുലേറ്റുദ്യോഗസ്ഥരോടൊപ്പം വിവിധ സാമൂഹിക സംഘടനകളുടെ സ്ത്രീ പുരുഷ വോളണ്ടിയര്‍മാരുടെ സേവനവും പുണ്യകേന്ദ്രങ്ങളില്‍ രാപ്പകല്‍ ലഭ്യമാണ്.
പൊരുതുന്ന ഫലസ്തീനില്‍ നിന്നും പട്ടിണിയാല്‍ പരീക്ഷിക്കപ്പെടുന്ന സുഡാനില്‍ നിന്നും ഹാജിമാരുണ്ട്. കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ഹാജിമാരുണ്ട്. വന്‍കരളില്‍ സമ്പന്നമായ ആഫ്രിക്കയുടേയും ദരിദ്രമായ ആഫ്രിക്കയുടേയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുണ്ട്. കറുത്തവരും വെളുത്തവരുമുണ്ട്. കൈക്കുഞ്ഞുങ്ങളും ഉമ്മമാരും വയോവൃദ്ധരുമുണ്ട്. സമ്പന്നരും അതിസമ്പന്നരും ഇടത്തരക്കാരും ഇല്ലായ്മയാല്‍ ആധി കൊള്ളുന്നവരുമുണ്ട്. റഷ്യക്കാരും ചൈനക്കാരുമുണ്ട്. മാലിയില്‍ നിന്നും മലാവിയില്‍ നിന്നുമുള്ള ഹാജിമാരുണ്ട്. മ്യാന്‍മറില്‍ നിന്നും ഉയ്ഗറില്‍ നിന്നുളളവരുമുണ്ട്. സദാ, നാഥന്റെ കാരുണ്യത്തിനായി കരം നീട്ടുന്നവരുടെ കരള്‍ തൊടുന്ന മഹാസംഗമമാകും നിശ്ചയമായും, ശനിയാഴചത്തെ അറഫ.
ആരാധനയുടെ ആത്മമന്ത്രങ്ങള്‍ നിറഞ്ഞ മിനായും അറഫയുമെല്ലാം അവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള, ഈമാന്റെ പഞ്ചസ്തംഭങ്ങളിലൊന്ന്. അമ്പത് ലോകഭാഷകളില്‍ അറഫയിലെ പ്രഭാഷണത്തിന്റെ പരിഭാഷ ലഭ്യമാവും. 48 ഡിഗ്രി സെല്‍ഷ്യസിന്റെ അത്യുഷ്ണത്തിലും തളരാത്ത ഭക്തിയോടെ തീര്‍ഥാടകലക്ഷങ്ങള്‍, കരുണാമൃതം ചൊരിയുന്ന അറഫാസംഗമത്തിലേക്ക്…