ജിദ്ദ – കുവൈത്തില്‍ അല്‍മന്‍ഖഫ് ഏരിയയില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നിരവധി പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചനം അറിയിച്ചു. അനുശോചനം പ്രകടിപ്പിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹിന് കമ്പി സന്ദേശങ്ങളയച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ഹമദ് അല്‍മുബാറക്കിനും സൗദി കിരീടാവകാശി അനുശോചന സന്ദേശമയച്ചു.
ദുരന്തത്തില്‍ സൗദി അറേബ്യയുടെ അനുശോചനം വിദേശ മന്ത്രാലയവും പ്രകടിപ്പിച്ചു. ഈ വേദനാജനകമായ സംഭവത്തില്‍ കുവൈത്തിനോടും കുവൈത്ത് ഗവണ്‍മെന്റിനോടും ജനങ്ങളോടുമുള്ള സൗദി അറേബ്യയുടെ ഐക്യദാര്‍ഢ്യം സൗദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു. ദുരന്തത്തില്‍ ആകെ 49 പേരാണ് മരണപ്പെട്ടതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍അവദി പറഞ്ഞു. ദുരന്തത്തില്‍ പങ്കുള്ള എല്ലാവര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത് അമീര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group